പാൽക്കുളംമേട്ടിലേക്ക് സഞ്ചാരികൾക്ക് നിരോധനം
ഇടുക്കി: പാൽക്കുളംമേട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം നിരോധിക്കാൻ വനം വകുപ്പിന്റെ നീക്കം.വന്യ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായതിനാലാണ് ഇവിടേക്ക് സന്ദർശനം നിരോധിച്ചതെന്ന് വനംവകുപ്പു പറയുന്നു. ദിവസേന നൂറുകണക്കിനു സഞ്ചാരികളായിരുന്നു എത്തിക്കൊണ്ടിരിക്കുന്നത്. സന്ദർശകരെ നിരോധിക്കുന്നതിനു മുന്നോടിയായി സഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴികളെല്ലാം കമ്പിവേലി കെട്ടി അടച്ചു. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളിയിൽ നിന്നും, മണിയാറൻകുടിയിൽ നിന്നും കഞ്ഞിക്കുഴി പഞ്ചായത്തിലെ ആൽപ്പാറയിൽ നിന്നും പാൽക്കുളംമേട്ടിലേക്ക് തിരിയുന്ന വഴികളാണ് കെട്ടി അടച്ചത്. ഇതിനു പുറമേ ടൂറിസം വകുപ്പ് ചേലച്ചുവട്ടിലും, ചുരുളിയിലും, തടിയമ്പാട് അശോക കവലയിലും സ്ഥാപിച്ചിരിക്കുന്ന ടൂറിസം സെന്ററിലേക്കുള്ള ദിശാ സൂചിക ബോർഡുകൾ എടുത്തു മാറ്റുന്നതിനും കോട്ടയം ഡിഎഫ്ഒ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്ത് സെക്രട്ടറിമാർക്ക് കത്ത് നൽകിയിട്ടുമുണ്ട്. ഇതോടെ കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച മനോഹര തീരം സഞ്ചാരികൾക്ക് അന്യമാകും.