ദേശീയപാതാ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിർബന്ധമായതോടെ പാലിയേക്കരയിൽ ദുരിതം. ഇന്നും ഫാസ്ടാഗില്ലാതെ നിരവധി വാഹനങ്ങള്‍ എത്തി. ഒരു ലെയിനില്‍ കിലോമീറ്റര്‍ നീളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്നു മുതല്‍ ഒരു ലെയിനിലും ഇളവില്ലെന്ന മാറ്റം അറിയാത്തവരാണ് ദുരിതത്തിലായത്.
അതേസമയം, ഫാസ്ടാഗില്ലാത്ത കെഎസ്ആർടിസിയ്ക്ക് ടോള്‍ ബൂത്തുകളില്‍ താല്‍ക്കാലിക ഇളവ് അനുവദിച്ചു. ഒരാഴ്ചയ്ക്കുശേഷം ഇരട്ടിത്തുക ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇളവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി കേന്ദ്രത്തെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല.
ഫാസ്ടാഗില്ലെങ്കില്‍ ഇനി മുതൽ ഇരട്ടിത്തുക നൽകേണ്ടിവരും. കേരളത്തില്‍ തൃശൂര്‍ പാലിയേക്കര, പാലക്കാട് വാളയാര്‍, എറണാകുളം പൊന്നാരിമംഗലം, കുമ്പളം ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാവുന്ന ട്രാക്കുകള്‍ ഇല്ലാതായി. ജനുവരി ഒന്ന് മുതൽ നടപ്പാക്കാനിരുന്ന ഫാസ്ടാഗ് കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു