കോട്ടയം: പാലാ സീറ്റിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അപ്രസക്തമെന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം റോഷി അഗസ്റ്റിന്‍ . ജോസ് കെ. മാണിക്ക് കേരളത്തില്‍ പൊതു സ്വീകാര്യതയുണ്ട്. സീറ്റ് വിഷയത്തില്‍ ഒരുതരത്തിലുള്ള അവകാശവാദങ്ങളും ഉന്നയിച്ചിട്ടില്ല.
മുന്നണി മര്യാദ പാലിക്കുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഇടതുപക്ഷ മുന്നണിയുമായി അത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഉചിതമായ സമയത്ത് ഉചിതമായ കാര്യങ്ങള്‍ മുന്നണിയും പാര്‍ട്ടി നേതൃത്വവും ചേര്‍ന്ന് തീരുമാനിക്കും. എല്‍ഡിഎഫ് ചര്‍ച്ച പോലും ചെയ്യാത്ത വിഷയത്തിലാണ് നിലവിലെ വിവാദം. ജോസ് കെ. മാണി മത്സര രംഗത്തുണ്ടാവും. അത് എവിടെ വേണം എന്ന് മുന്നണി തീരുമാനിക്കും- റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പാലാ നിയമസഭാ സീറ്റിന്റെ പേരില്‍ പാര്‍ട്ടിയുടെ അകത്തും പുറത്തും വിവാദങ്ങള്‍ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് ജോസ് വിഭാഗത്തിന്റെ പ്രതികരണം. ജോസ് വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശത്തോടു കൂടിത്തന്നെ പാലാ സീറ്റ് സംബന്ധിച്ച് എന്‍സിപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ് കെ. മാണി വിഭാഗം നയം വ്യക്തമാക്കുന്നത്.