പ്രശ്‌സ്ത നടിയും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം (84) അന്തരിച്ചു. ഏഴ് വർഷമായി പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഗാന്ധിഭവന്‍ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് നടക്കും. കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്ര ഭവനില്‍ കുഞ്ഞുക്കുട്ടന്‍- ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26 ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ഏഴാംതരം വരെ മാത്രം പഠിച്ചിട്ടുള്ള പാലാ തങ്കം ജോണ്‍ ഭാഗവതര്‍, രാജഗോപാലന്‍ ഭാഗവതര്‍, വിജയന്‍ ഭാഗവതര്‍ എന്നിവരുടെ ശിക്ഷണത്തില്‍ പത്തു വയസ് മുതല്‍ സംഗീതപഠനത്തില്‍ ശ്രദ്ധയൂന്നി.തുടര്‍ന്ന് ചങ്ങനാശേരിയില്‍ എല്‍.പി.ആര്‍. വര്‍മ്മയുടെ ശിക്ഷണത്തില്‍ സംഗീതപഠനം നടത്തി. പതിനഞ്ചാമത്തെ വയസില്‍ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിന്‍സെന്റിന്റെ ‘കെടാവിളക്ക്’ എന്ന ചിത്രത്തില്‍ ‘താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി’ എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നു.തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും പാടി. പാലായിലെ പള്ളികളിലെയും അബലങ്ങളിലെയും ഏകാംഗനാടകങ്ങളിലൂടെയായിരുന്നു നാടകരംഗത്തേക്കുള്ള കടന്നുവരവ്. നാടകങ്ങള്‍ക്ക് പ്രധാന കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് തങ്കമായിരുന്നു. അന്യഭാഷാ സിനിമകള്‍ അടക്കം 3000ത്തിലധികം സിനിമകള്‍ക്ക് പാലാ തങ്കം ശബ്ദം നല്‍കി. ബാലന്‍ കെ നായരുടെ യാഗാഗ്‌നി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കേരള പൊലീസില്‍ എസ്.ഐ ആയിരുന്ന ശ്രീധരന്‍ തമ്പിയാണ് തങ്കത്തിന്റെ ഭര്‍ത്താവ്. 25 വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചു. മകള്‍ പരേതയായ അബിളി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നു. കെ.പി.എ.സി ലളിതയുടെ ശുപാര്‍ശ പ്രകാരമാണ് 2013 സെപ്റ്റംബര്‍ അഞ്ചിന് തങ്കം ഗാന്ധിഭവനില്‍ എത്തിയത്. കേരള സംഗീതനാടക അക്കാദമി 2018 ല്‍ ഗുരുപൂജാ പുരസ്‌കാരം നല്‍കി ആദരിച്ചു.