പാലാരിവട്ടം മേൽപ്പാലത്തിൻ്റെ ഭാര പരിശോധന ശനിയാഴ്ച്ച തുടങ്ങും
പാലാരിവട്ടം മേൽപ്പാലത്തിൻ്റെ നിർമ്മാണം ഏറെക്കുറെ ഇന്ന് പൂർത്തിയാകും. ശനിയാഴ്ച്ച മുതൽ ഭാര പരിശോധന തുടങ്ങും. നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം കണക്കിലെടുത്ത് അടുത്തയാഴ്ച പാലം ഉദ്ഘാടനം ചെയ്യാനാണ് സർക്കാരിൻ്റെ തീരുമാനം.
നിർമ്മാണം പൂർത്തിയാക്കി മാർച്ച് പത്തിന് പാലം കൈമാറുമെന്നാണ് ഡിഎംആർസി ഈ മാസമാദ്യം ഉറപ്പു നൽകിയത്. എന്നാൽ ഇതിനും അഞ്ചു ദിവസം മുൻപേ കൈമാറാനാണ് ഇപ്പോൾ തീരുമാനം. കോൺക്രീറ്റിനു മുകളിൽ എപിപി ഷീറ്റുകൾ ഒട്ടിച്ച് ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഇന്ന് രാത്രി പൂർത്തിയാകും.
പെയ്ൻറിംഗ് പോലെയുള്ള അവസാന മിനുക്കു പണികൾ ഏതാനും ദിവസത്തിനുള്ളിൽ കഴിയും. ലോഡ് ടെസ്റ്റ് നടത്തി അഞ്ചിനു വൈകിട്ടോടെ പാലം കൈമാറാനാണ് ഡിഎംആർസിയുടെ തീരുമാനം. അതിനു ശേഷം എപ്പോൾ വേണമെങ്കിലും ഉദ്ഘാടനം നടത്താം. 39 മീറ്റർ നീളമുള്ള രണ്ടു സ്പാനുകളും 22 മീറ്റർ നീളമുള്ള 17 സ്പാനുകളുമാണ് പാലത്തിനുള്ളത്. ഇവയിൽ ഓരോന്നിലാകും വാഹനത്തിൽ നിശ്ചിത അളവിൽ ഭാരം നിറച്ച് പരിശോധന നടത്തുക.
2020 സെപ്റ്റംബർ 28- നാണ് പാലത്തിൻ്റെ പുനർനിർമ്മാണം തുടങ്ങിയത്. 18.76 കോടി രൂപ ചെലവിൽ മെയ് മാസത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 158 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലാണിപ്പോൾ പണികൾ പൂർത്തീകരിച്ചിരിക്കുന്നത്.