പാനൂർ കേസ് പ്രതി രതീഷിൻ്റെ മരണത്തിൽ ദുരൂഹത തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മൻസൂർ വധക്കേസ് പ്രതി കൂലോത്ത് രതീഷിന്റെ മരണത്തിൽ ദുരൂഹതയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചന. മരണത്തിന് മുമ്പ് രതീഷിനെ ശ്വാസം മുട്ടിച്ചതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിന്റ റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി. രതീഷിന്റെ ആന്തരികാവയവങ്ങൾക്കടക്കം പരിക്കേറ്റതായും റിപ്പോർട്ടിലുണ്ട്. മൂക്കിന് സമീപത്തായി മുറിവുണ്ട്. ഇത് ഒരു മൽപ്പിടിത്തത്തിൽ സംഭവിച്ചതാകാമെന്നാണ് നിഗമനം. മരണം ആത്മഹത്യയല്ല എന്ന സൂചന നൽകുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനങ്ങൾ. ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വടകര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. രതീഷ് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട ചെക്യാട് അരൂണ്ടയിൽ പോലീസിന്റെ വിദഗ്ധപരിശോധന നടത്തി. വിരലടയാളവിദഗ്ധർ, ഫൊറൻസിക് സംഘം, ഡോഗ് സ്ക്വാഡ് എന്നിവർ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.