പശ്ചിമഘട്ടത്തിൽനിന്നും മൂന്ന് പുതിയയിനം മണ്ണിരകളെ കണ്ടത്തി മഹാത്മാഗാന്ധി സർവകലാശാല ഗവേഷകസംഘം. പശ്ചിമഘട്ട മേഖലയിൽ നിന്നും മോണിലിഗാസ്റ്റർ ജനുസിൽപ്പെട്ട മൂന്നു പുതിയ ഇനം മണ്ണിരകളെ മഹാത്മാഗാന്ധി സർവകലാശാലയിലെ അന്തർസർവകലാശാല ഗവേഷണ പഠനകേന്ദ്രമായ അഡ്വാൻസ്ഡ് സെന്റർ ഓഫ് എൻവിയോൺമെന്റൽ സ്റ്റഡീസ് ആന്റ് സസ്റ്റെയിനബിൾ ഡെവലപ്‌മെന്റിലെ മണ്ണിര ഗവേഷണസംഘം കണ്ടെത്തി. മോണിലിഗാസ്റ്റർ ബഹ്‌ലൈ, മോണിലിഗാസ്റ്റർ ബ്ലായ്ക്ക്‌മോറൈ, മോണിലിഗാസ്റ്റർ കേരളൻസിസ് എന്നിവയാണിവ. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 80 വർഷങ്ങൾക്കുമുൻപ് രേഖപ്പെടുത്തിയ നാലിനം മോണിലിഗാസ്റ്റർ മണ്ണിരകളെയും കേരളത്തിൽ നിന്നും ആദ്യമായി പ്രസ്തുത സംഘം കണ്ടെത്തി. പ്രശസ്ത ഇന്ത്യൻ ജന്തുശാസ്ത്രജ്ഞനായിരുന്ന പ്രൊഫസർ കെ.എൻ. ബഹ്ൽ, മണ്ണിര വർഗീകരണ ശാസ്ത്രജ്ഞനായ ഡോ. റോബർട്ട് ജെ. ബ്ലായ്ക്ക്‌മോർ എന്നിവരുടെ സ്മരണാർഥമാണ് രണ്ടു പുതിയയിനം മണ്ണിരകൾക്ക് പേരുകള്‍ നൽകിയിരിക്കുന്നത്. മൂന്നാമത്തെ മണ്ണിരക്ക് കേരളത്തിന്റെ പേരാണ് നൽകിയത്. ആദ്യമായിട്ടാണ് കേരളത്തിൽ നിന്നുള്ള ഒരു മണ്ണിരക്ക് സംസ്ഥാനത്തിന്റെ പേര് നൽകപ്പെടുന്നത്. ഇവയിൽ മോണിലിഗാസ്റ്റർ ബഹ്‌ലൈ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മൂന്നു സ്ഥലങ്ങളിൽ നിന്നും, മോണിലിഗാസ്റ്റർ ബ്ലായ്ക്ക്‌മോറൈ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ രണ്ടു സ്ഥലങ്ങളിൽ നിന്നും, മോണിലിഗാസ്റ്റർ കേരളൻസിസ് ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പത്തു പ്രദേശങ്ങളിൽ നിന്നുമാണ് ലഭിച്ചത്. ഈ കണ്ടെത്തലുകൾ ന്യൂസിലാൻഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രശസ്ത അന്തർദേശീയ ഗവേഷണ ജേർണലായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.