മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയില്ലെങ്കില്‍ സമസ്ത (ചേളാരി വിഭാഗം) വഖഫ് മുതവല്ലിമാരുടെ നേതൃത്വത്തില്‍ പള്ളികളില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് സുന്നി മാനേജ്‌മെന്റ് ഫെഡറേഷന്‍ വര്‍ക്കിങ്ങ് സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ അറിയിച്ചു.
വിഷയം മുസ്‌ലിം വിഭാഗത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടതാണ്. ഇക്കാര്യം പള്ളികളില്‍ ചര്‍ച്ച ചെയ്യും. കാര്യങ്ങള്‍ വിശ്വാസികളെ ബോധ്യപ്പെടുത്തും. ശരീഅത്ത്, പൗരത്വ ഭേദഗതി നിയമമടക്കുള്ള കാര്യങ്ങള്‍ പള്ളികളില്‍ ചര്‍ച്ച ചെയ്തിട്ടും ഇതുവരെ ഒരു പ്രശ്‌നവുമുണ്ടാകാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തിലും പള്ളികളില്‍ അനിഷ്ഠ സംഭവങ്ങളുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് എങ്ങിനെയാണ് മതങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയുക എന്ന് പുതിയ വിവാദവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി. മുസ്‌ലിം ലീഗാണ് ആദ്യം മത സംഘടന വിളിച്ച് കൂട്ടി ചര്‍ച്ച ചെയ്യാന്‍ മുന്നോട്ട് വന്നത്. അതിനാല്‍ അവരുമായി ചര്‍ച്ച ചെയ്തു. പ്രശ്‌നം പരിഹരിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായും ചര്‍ച്ച ചെയ്യാന്‍ വിളിച്ചാല്‍ പോകും. എങ്കിലും സര്‍ക്കാരാണ് ചര്‍ച്ചയുടെ കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതെന്നും അദ്ദേഹം വിവരിച്ചു.