ആലപ്പുഴ: നാടാകെ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിച്ചതോടെ വാഹന യാത്രക്കാര്‍ അതീവ ജാഗ്രതയിലാണ്. നിയമ ലംഘനം നടത്തിയവരാവട്ടെ, പിഴ ചുമത്തിയുള്ള നോട്ടീസ് ഇന്ന് വരും, നാളെ വരും എന്നോര്‍ത്ത് ആകെ അങ്കലാപ്പിലുമാണ്.എന്നാല്‍ അതേ കാമറകള്‍ ഇന്നോളം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നറിയുമ്ബോഴാണ് പലരും ആശ്വസിക്കുന്നത്.
കാമറകളും പരിവാഹന്‍ സൈറ്റും സംയോജിപ്പിക്കുന്നതിലെ കാലതാമസമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസമായതെന്നാണ് അറിയുന്നത്. കഴിഞ്ഞ മാസം പ്രവര്‍ത്തനമാരംഭിക്കുമെന്ന മുന്നറിയിപ്പോടെയാണ് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇ.ഐ കാമറകള്‍ സ്ഥാപിച്ചത്. വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം, സര്‍ക്കാര്‍ ഖജനാവിലേക്ക് പണം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിംഗ്, സീറ്റ് ബെല്‍റ്റിടാതെയുള്ള കാര്‍യാത്ര, അമിതവേഗം തുടങ്ങിയവയ്ക്കെല്ലാം പിടിവീഴും. ഇന്‍ഷുറന്‍സ്, ടാക്സ് ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ ഭാവിയില്‍ ഉള്‍പ്പെടുത്താവുന്ന രീതിയിലാണ് ഘടന. റോഡ് ലൈന്‍ മാറിപ്പോകുന്നതും കാല്‍നടക്കാരുടെ ക്രോസിംഗില്‍ വണ്ടി നിര്‍ത്തുന്നതുമെല്ലാം പിടികൂടും.
കൃത്യമായ പഠനം നടത്തി അപകടസാദ്ധ്യതമേഖല കണ്ടെത്തിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. പകല്‍ സമയത്തേത് പോലെ തന്നെ രാത്രി ദൃശ്യങ്ങളും തെളിമയോടെ പകര്‍ത്താനാകും. പിഴത്തുക ഓണ്‍ലൈനായും അക്ഷയ വഴിയും അടയ്ക്കാം. 30 ദിവസത്തിനകം അടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയിലടയ്ക്കേണ്ടി വരും.
ജില്ലയിലെ ഇന്റലിജന്‍സ് കാമറകള്‍
മുക്കട കവല, കായംകുളം ഗവ ആശുപത്രി റോഡ്, ചാരുംമൂട്, പുല്ലുകുളങ്ങര, കറ്റാനം, കുറ്റിത്തെരുവ് കവല, മുതുകുളം ഗവ സ്കൂള്‍ കവല, മാങ്കാംകുഴി, തട്ടാരമ്ബലം, ചൂണ്ടുപലക കവല മുട്ടം, കൊല്ലകടവ്, മൈക്കിള്‍ കവല, തൃക്കുന്നപ്പുഴ, ഐക്യ കവല, മാധവ കവല, മുളക്കുഴ, നങ്ങ്യാര്‍കുളങ്ങര (തൃക്കുന്നപ്പുഴ റോഡ്), മാര്‍ക്കറ്റ് കവല കച്ചേരി കവല, വീയപുരം, മാന്നാര്‍, കല്ലിശേരി, എടത്വ, തോട്ടപ്പള്ളി, അമ്ബലപ്പുഴ (എടത്വ റോഡ്) , വളഞ്ഞവഴി (എസ്.എന്‍ കവല), കൈചൂണ്ടി, കൈതവന, വലിയകുളം കവല, സക്കറിയ ബസാര്‍, പവര്‍ഹൗസ് പാലം, ജില്ലാക്കോടതി, വലിയചുടുകാട്, ഇരുമ്ബുപാലം, മുഹമ്മ, തണ്ണീര്‍മുക്കം ബണ്ട്, ചേര്‍ത്തല കോടതിക്കവല, കാട്ടൂര്‍, ശക്തീശ്വരം കവല, തുറവൂര്‍ ടി.ഡി കവല, തൈക്കാട്ടുശേരി ഫെറി, അരൂക്കുറ്റിപ്പാലം എന്നിവിടങ്ങളിലാണ്.
പരിവാഹന്‍ സൈറ്റുമായി ഇന്റലിജന്‍സ് കാമറകള്‍ ബന്ധിപ്പിക്കുന്നതിലെ കാലതാമസത്താലാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ മാറുന്ന മുറയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കും.