കാലിക്കറ്റ് സർവകലാശാലയിലെ 16 വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ പട്ടിക അംഗീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖത്തിൽ പങ്കെടുത്ത, എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യ പി.എം.ഷഹലയുടെ പേര് പട്ടികയിലില്ല. ഈ അഭിമുഖത്തിൽ അപാകത ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണർക്ക് പരാതി നൽകിയിരുന്നു.
43 ഉദ്യോഗാർഥികൾക്കാണ് നിലവിൽ നിയമനം ലഭിച്ചിരിക്കുന്നത്. ഷഹലയ്ക്ക് നിയമനം നല്‍കാനായി ഷഹലയുടെ റിസര്‍ച്ച് ഗൈഡായിരുന്ന പി.കേളുവിനെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ചാണ് പ്രധാന പരാതി ഉയർന്നത്. എസ്എഫ്ഐ മുന്‍ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി.കെ അബ്ദുളള നവാസിന്‍റെ ഭാര്യ ഡോ. റീഷ കാരാളിയ്ക്കും യോഗ്യരായവരെ മറികടന്ന് നിയമനം നല്‍കാന്‍ നീക്കം നടക്കുന്നുവെന്ന് പരാതിയിലുണ്ടായിരുന്നു. ഇവർക്ക് നിയമനം നൽകിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദ്യാഭ്യാസവകുപ്പിലെ ഇന്‍റര്‍വ്യൂവിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ അബ്ദുളള നവാസിന്‍റെ ഭാര്യ റീഷ ഒന്നാമതും ഷംസീറിന്‍റെ ഭാര്യ ഷഹല മൂന്നാമതുമായിരുന്നു.