പത്തു രൂപയ്ക്ക് കൊച്ചിയിൽ ഒരു നേരത്തെ ഭക്ഷണം
കൊച്ചി: തമിഴ്നാട്ടിലെ അമ്മ ഉണവകം പദ്ധതിയുടെ ചുവടുപിടിച്ച് പത്തു രൂപയ്ക്ക് കൊച്ചിയിൽ ഒരു നേരത്തെ ഭക്ഷണം ഒരുങ്ങുന്നു. കൊച്ചി കോർപ്പറേഷന്റെ 2021–22 വർഷത്തെ ബജറ്റ് പ്രസംഗത്തിലാണ് കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഭക്ഷണ ലഭ്യത ഉറപ്പു വരുത്തുമെന്ന പ്രഖ്യാപനം. ഒരു നേരം പത്തു രൂപയ്ക്ക് ഭക്ഷണം ലഭിക്കുന്ന ഹോട്ടൽ ശൃംഖലകൾ കൊച്ചിയിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കാനാണ് തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയിലായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ബജറ്റ് അവതരണത്തിൽ ഡപ്യൂട്ടി മേയർ കെ.എ.അൻസിയ അറിയിച്ചു. വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ ആവിഷ്കരിച്ചിട്ടുള്ള കൊച്ചിയിലെ എട്ടു ജനകീയ ഹോട്ടലുകളിൽ നിലവിൽ 20 രൂപയ്ക്ക് ഊണ് ലഭിക്കുന്നുണ്ട്. കുടുംബശ്രീ മുഖാന്തരം ആരംഭിച്ചിട്ടുള്ള ഇവയ്ക്ക് സർക്കാരിൽനിന്ന് ഓരോ ഊണിനും പത്തു രൂപ വീതം സബ്സിഡി ലഭ്യമാക്കും. ഇത്തരത്തിലുള്ള പത്ത് ജനകീയ ഹോട്ടലുകൾ കൂടി കൊച്ചിയിൽ ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു. തമിഴ്നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച ഏറ്റവും മികച്ച ക്ഷേമപദ്ധതികളിൽ ഒന്നായിരുന്നു അമ്മ ഉണവകം. എംജിആറിന്റെ ഉച്ചഭക്ഷണ പദ്ധതിക്കു ശേഷം തമിഴ്നാട്ടിൽ ഏറെ ജനതാൽപര്യം നേടിയ പദ്ധതിയായി മാറി അമ്മ ഉണവകം പദ്ധതി. പണക്കാരനും പാവപ്പെട്ടവനുമെല്ലാം ഒരുപോലെ രാവിലെ ഏഴു മുതൽ പത്തു വരെ ഒരു രൂപയ്ക്ക് ഒരു ഇഡലി, അഞ്ചു രൂപയ്ക്ക് പൊങ്കൽ, ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ മൂന്നു രൂപ ഈടാക്കി സാമ്പാർ സാദം, തൈര് സാദം തുടങ്ങി ചപ്പാത്തിയും കറിയും വരെ നൽകുന്നതായിരുന്നു പദ്ധതി.
കൊച്ചി കോർപറേഷന് അഭിനന്ദനങ്ങൾ