റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം നവീകരണം ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നു പുതിയ ഇടതുപക്ഷ കൗൺസിൽ അധ്യക്ഷനും, നഗര സഭ ചെയർമാനുമായ ടി സക്കീർ ഹുസൈൻ പറഞ്ഞു. ഈ നവീകരണ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗര സഭക്ക് തന്നെ. സ്റ്റേഡിയത്തിന് മുൻ എം എൽ എ അന്തരിച്ച കെ കെ നായരുടെ പേര് തന്നെയാണ് ഇടുന്നതെന്നും ചെയർമാൻ അറിയിച്ചു.
സ്റ്റേഡിയം നവീകരണത്തിന് വേണ്ടി നഗരസഭാ കൗൺസിൽ ഒപ്പിട്ടു നൽകിയ ധാരണ പത്രത്തിന് ഇന്നലെ അംഗീകാരം കിട്ടിയതോടെ, ജില്ലാ സ്റ്റേഡിയം എത്രയും പെട്ടെന്ന് നവീകരിക്കാനാണ് കൗൺസിൽ ഉദ്ദേശിക്കുന്നത്. ജനുവരി 14 ന് ചേരുന്ന ഉന്നത തല യോഗത്തിൽ കിഫ്‌ബിയുടെ അനുമതി ലഭിക്കുമെന്നാണ് നഗര സഭ അധികൃതർ പ്രതീക്ഷിക്കുന്നത്. തുടർന്ന് സാങ്കേതിക അനുമതി. പിന്നീട് ടെൻഡർ വിളിച്ചു, ടെൻഡർ നടപടിക്രമങ്ങൾ ഒരു മാസത്തിനകം പൂർത്തിയാക്കി ഉടൻ പണി തുടങ്ങും.നിർമാണം തുടങ്ങി ഒരു വർഷത്തിനുള്ളിൽ സ്റ്റേഡിയം നവീകരണം യഥാർത്ഥ്യമാക്കാനാണ് തീരുമാനം. കിറ്റ്കോയാണ് നിർവഹണ ഏജൻസി. വിശദമായ പദ്ധതി റിപ്പോർട്ട് വർഷങ്ങൾക്കു മുമ്പ് തന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉടമസ്ഥ അവകാശ തർക്കം സംബന്ധിച്ചു പഴയ യു ഡി എഫ് ഭരണസമിതി ധാരണ പത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത് കൊണ്ടാണ് നവീകരണം ഇതുവരെയും നടക്കാതിരുന്നത്. പുതിയ എൽഡി എഫ് കൗൺസിൽ അധികാരത്തിൽ വന്നപ്പോൾ ആ തടസ്സം നീങ്ങി കിട്ടി. ധാരണ പത്രം ഒപ്പിട്ടും നൽകി. ഇനിയും ഉടനെ നവീകരണം യഥാർത്ഥ്യമാക്കാൻ കഴിയും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
46 കോടി രൂപയായിരുന്നു നവീകരണത്തിനുള്ള അടങ്കൽ തുകയായി ആദ്യം നിശ്ചയിച്ചത്. വർഷങ്ങൾ പിന്നിട്ടതിനാൽ അടങ്കൽ തുകയിൽ മാറ്റമുണ്ടാകും. 50 കോടിക്കുമേൽ നിർമാണ ചെലവ് ഈ രാജ്യാന്തര നിലവാരത്തിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന് ഉയരാനാണ് സാധ്യത.
Reported by: Sunil Chacko, Kumbazha.