റിപ്പോർട്ട്: സുനിൽ ചാക്കോ, കുമ്പഴ
പത്തനംതിട്ട നഗര സഭയിൽ പുതിയതായി അധികാരത്തിലേറിയ ഇടതുപക്ഷ കൗൺസിൽ എസ് ഡി പി ഐ യുമായി ചേർന്നാണ് ഭരണം നടത്തുന്നതെന്നും, അത് സി പി എം സംസ്ഥാന നേതൃതത്തിന്റെ അറിവോടെയാണെന്നും ഡി സി സി പ്രസിഡന്റ് ബാബു ജോർജ് ആരോപിച്ചു. ജില്ലാ സ്റ്റേഡിയം നവീകരണത്തിനുള്ള ധാരണ പത്രം ഒപ്പിടുന്നതിലേക്കുള്ള വോട്ടെടുപ്പിൽ എസ് ഡി പി ഐ സ്വീകരിച്ച നിലപാട് ഇതിന് തെളിവാണെന്നും ബാബു ജോർജ് പറഞ്ഞു. ഈ കൂട്ട് കെട്ടിന് സംസ്ഥാനനേതൃത്വമാണ് മറുപടി പറയേണ്ടത്. എസ് ഡി പി ഐ ഇടതുപക്ഷത്തിനു അനുകൂലമായാണ് വോട്ട് ചെയ്തത്.
മതേതരസംരക്ഷകർ എന്ന് അവകാശപെടുന്നവർ തന്നെയാണ് വർഗീയ ശക്തികളെ കൂട്ട് പിടിക്കുന്നത്. നഗര സഭക്ക് അവകാശപെട്ട സ്ഥലം സ്വകാര്യ ഏജൻസിക്ക് തീറു എഴുതി കൊടുക്കുന്നത് അംഗീകരിക്കാനാവില്ല. എന്ത് വില കൊടുത്തും എതിർക്കും. ബാബു ജോർജ് കൂട്ടി ചേർത്തു.
എന്നാൽ എസ് ഡി പി ഐ ഇത് നിഷേധിച്ചിട്ടുണ്ട്. വര്ഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ജില്ലാ സിരാ കേന്ദ്രത്തിന്റെ വികസനത്തിനായി ഭരണ സമിതിയോടൊപ്പം നില കൊണ്ടു എന്ന് മാത്രമേ ഉള്ളൂ എന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് അറിയിച്ചു. ‘സ്റ്റേഡിയം നവീകരണത്തിൽ നഗര സഭക്ക് പൂർണമായും അവകാശം നഷ്ടപ്പെടും’ എന്ന വാദം തങ്ങൾ പരിശോധിച്ചെന്നും, അത് അങ്ങനെ ഉണ്ടാകയില്ല എന്ന് നഗര സഭ ചെയർമാനിൽ നിന്ന് ഉറപ്പ് ലഭിച്ചതിനാലുമാണ് ഈ കരാറിനെ എതിർക്കാതിരുന്നതെന്നും അൻസാരി കൂട്ടിച്ചേർത്തു. സ്റ്റേഡിയം നവീകരണത്തിന്റെ പേരിലുള്ള അരുതായ്മകളേയും, അഴിമതികളെയും എതിർക്കുമെന്നും എസ് ഡി പി ഐ ചൂണ്ടി കാട്ടി.