കോട്ടയം:പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂര്‍ പഞ്ചായത്തില്‍ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍ നിയോഗിച്ച ദ്രുതകര്‍മ്മ സേന ഇന്നലെ(ജനുവരി 5) 3500 താറാവിന്‍ കുഞ്ഞുങ്ങളെ കൊന്നു. ഇതില്‍ 3300 താറാവുകളും രോഗബാധ കണ്ടെത്തിയ ഫാമിലേതാണ്. 200 എണ്ണം സമീപ മേഖലകളില്‍ വളര്‍ത്തിയിരുന്നവയാണ്. കൊന്ന താറാവുകളെ രാത്രിയില്‍ സമീപത്തെ ഒഴിഞ്ഞ തുരുത്തില്‍ കത്തിച്ചു നശിപ്പിച്ചു.
രാവിലെ 10.30നാണ് താറാവുകളെ കൊന്നൊടുക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചത്. അഞ്ചു പേര്‍ വീതം അടങ്ങുന്ന എട്ടു ദ്രുതകര്‍മ്മ സേനകളെയാണ് മേഖലയില്‍ വിന്യസിച്ചിരുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വൈദ്യപരിശോധന നടത്തി പ്രതിരോധ മരുന്ന് നല്‍കിയശേഷം ആറു സംഘങ്ങളെ രോഗം സ്ഥിരീകരിച്ച ഫാമിലും രണ്ടു സംഘങ്ങളെ പുറത്തുമാണ് നിയോഗിച്ചത്. എല്ലാവരും പിപിഇ കിറ്റ് ധരിച്ചാണ് ജോലിക്കിറങ്ങിയത്. ഇടയ്ക്ക് മഴപെയ്‌തെങ്കിലും നടപടികള്‍ക്ക് തടസമുണ്ടായില്ല.
കൊന്ന താറാവുകളെ ചാക്കുകളിലാക്കി കെട്ടിയശേഷമാണ് കത്തിച്ചു നശിപ്പിച്ചത്.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എം. ദിലീപ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സബ്കളക്ടര്‍ രാജീവ്കുമാര്‍ ചൗധരി, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. ഷാജി പണിക്കശ്ശേരി, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു എന്നിവര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസര്‍ ഡോ. സജീവ് കുമാര്‍, ഡോ. പ്രസീന, ഫീല്‍ഡ് ഓഫീസര്‍ ഷാനവാസ് തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും നടപടികളില്‍ പങ്കാളികളായി.
മേക്കാവ് എസ്.കെ.വി. എല്‍.പി സ്‌കൂളില്‍ ക്യാമ്പ് ചെയ്യുന്ന ദ്രുതകര്‍മ്മ സേന ഇന്നു രാവിലെ(ജനുവരി 6) നടപടികള്‍ പുനരാരംഭിക്കും.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഫാമില്‍ ശേഷിക്കുന്ന താറാവുകളെയും രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്നത് ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ നടപടികള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.