ന്യൂസ്ഫോട്ടോഗ്രാഫർക്ക് നേരെ ആക്രമണം: കെ.യു.ഡബ്ല്യു.ജെ.പ്രതിഷേധിച്ചു
കോഴിക്കോട്: കക്കോടിയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയുടെ ഫോട്ടോ എടുക്കാനെത്തിയ ജന്മഭൂമി ഫോട്ടോഗ്രാഫർ എം.ആർ. ദിനേശ് കുമാറിന് നേരെ നടന്ന ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
റോഡ് ഷോയുടെ പടം എടുക്കുകയായിരുന്ന ദിനേശിനെ ഒരു സംഘം പേർ യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. കണ്ണിന് പരുക്കേറ്റ ദിനേശിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തയ്യാറാകണമെന്ന് ആശുപത്രിയിൽ ദിനേശ് കുമാറിനെ സന്ദർശിക്കാനെത്തിയ സ്മൃതി ഇറാനിയോട് പത്രപ്രവര്‍ത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും ആവശ്യപ്പെട്ടു. തൊഴിലിനിടയിൽ മാധ്യമ പ്രവർത്തകരെ അക്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ദിനേശ് കുമാറിനെ ആക്രമിച്ചവരിൽ പാർട്ടി പ്രവർത്തകരുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി. ദിനേശിന് മികച്ച ചികിത്സ ലഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും അവർ പറഞ്ഞു.