നേതൃമാറ്റത്തെ ചൊല്ലി എൻ സി പി നേതൃ യോഗത്തിൽ അഭിപ്രായ ഭിന്നത.
നേതൃമാറ്റമില്ലെന്നാവർത്തിച്ച് സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻ മാസ്റ്റർ.
സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെ മാറിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് ഒരുവിഭാഗം.
എൽ ഡി എഫിൽ നാല് സീറ്റെന്ന ആവശ്യത്തിലുറച്ച് എൻ സി പി.
കൊച്ചിയിൽ ചേർന്ന എൻ സി പി സംസ്ഥാന നേതൃയോഗമാണ് പരസ്യ പ്രതിഷേധത്തിന് വേദിയായത്.
എൻ സി പി സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻ മാസ്റ്റർക്കും, മന്ത്രി എ കെ ശശീന്ദ്രനുമെതിരെയായിരുന്നു നേതൃയോഗത്തിലെ ഒരു വിഭാഗത്തിൻ്റെ വിമർശനം.
പാലാ സീറ്റ് നഷ്ടമാക്കിയത് നേതൃത്വത്തിൻ്റെ കഴിവുകേടാണെന്ന് യോഗത്തിൽ വിമർശനമുയർന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ഉണ്ടായില്ലെങ്കിൽ കൂടുതൽ പേർ പാർട്ടി വിടുമെന്ന് പ്രതിഷേധ സ്വരമുയർത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻ പുരയ്ക്കൽ പറഞ്ഞു.
നിലവിലെ നേതൃത്വം തുടരുമെന്ന് വ്യക്തമാക്കിയ ടി പി പീതാംബരൻ മാസ്റ്റർ മാണി സി കാപ്പൻ്റെ അഭാവം പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വ്യക്തമാക്കി.എന്നാൽ മാണി സി കാപ്പൻ്റെ പുതിയ പാർട്ടിക്ക് എൻ സി പി കൊടിയോ ചിഹ്നമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന്എൻ സി പി സംസ്ഥാന പ്രസിഡൻ്റ് ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു.
നാല് സീറ്റെന്ന ആവശ്യത്തിൽ എൽ ഡി എഫിനോട് വിട്ടുവീഴ്ച വേണ്ടെന്ന് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
ഈ മാസം 28ന് കൊച്ചിയിൽ വീണ്ടും എൻ സി പി യുടെ വിശാല എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേരും.