നിയമസഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച മുഴുവന്‍ സീറ്റുകളും വേണമെന്ന് നിലപാടിലുറച്ച് ജോസഫ് വിഭാഗം. പിളര്‍പ്പിന് പിന്നാലെ പാളയത്തിലെത്തിയവരെല്ലാം സീറ്റിനായി അവകാശം ഉന്നയിച്ചതോടെ സീറ്റ് വിഭജനവും ജോസഫിന് കീറാമുട്ടിയാകും. ചിഹ്നവും പേരും നഷ്ടപ്പെട്ടതോടെ പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ജോസഫും കൂട്ടരും.
കഴിഞ്ഞ തവണ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ജോസ് കെ മാണിയും കൂട്ടരും കളംവിട്ടെങ്കിലും അത്രതന്നെ സീറ്റുകള്‍ വേണമെന്നാണ് ജോസഫിന്‍റെ ആവശ്യം. പിളര്‍പ്പിന്‍റെ ഘട്ടത്തില്‍ ജോസഫിനൊപ്പം ചേര്‍ന്ന നേതാക്കളുടെയെല്ലാം ഉന്നം നിയമസഭ സീറ്റാണ്. ജോയ് എബ്രഹാം മുതല്‍ ഒടുവിലെത്തിയ ജോസഫ് എം പുതുശ്ശേരിവരെ സീറ്റിനായി രംഗത്തുണ്ട്. സീറ്റുകളുടെ എണ്ണത്തിന്‍റെ ഇരട്ടിയാണ് പാര്‍ട്ടിക്കുള്ളിലെ സീറ്റ് മോഹികളുടെ എണ്ണം. ജോണി നെല്ലൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മത്സരിക്കാനുള്ള ആഗ്രഹം പി.ജെ. ജോസഫിനെ അറിയിച്ച് കഴിഞ്ഞു.
ജോസ് യുഡിഎഫ് വിട്ടതോടെ കേരള കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങി. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ചങ്ങനാശേരി, പാലാ, ഏറ്റുമാനൂര്‍ സീറ്റുകളാണ് കോണ്‍ഗ്രസിന്‍റെ ഉന്നം. ചങ്ങനാശേരി സീറ്റിനായി ജോസഫ് വിഭാഗത്തിലെ നാല് പേര്‍ രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ വേറെ. ജോണി നെല്ലൂര്‍ നോട്ടമിട്ട മൂവാറ്റുപുഴയാണ് ജോസഫ് വാഴക്കന്‍റെയും ഉന്നം. ഇടുക്കിയില്‍ റോഷി അഗസ്റ്റിനെതിരെ പരിഗണിക്കപ്പെടുന്ന പേരുകളിലൊന്ന് ഫ്രാന്‍സിസ് ജോര്‍ജിന്‍റേതാണ്. മലബാറില്‍ വിജയ പ്രതീക്ഷയില്ലാത്ത സീറ്റുകള്‍ വിട്ടുനല്‍കാനും കേരള കോണ്‍ഗ്രസ് തയ്യാറായേക്കും. കോട്ടയം ആസ്ഥാനമാക്കിയുള്ള പുതിയപാര്‍ട്ടി രൂപീകരണം ഫെബ്രുവരിയില്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. ചെണ്ടയായിരിക്കും പാര്‍ട്ടി ചിഹ്നമെന്ന് പിജെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.