നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ബുധനാഴ്ച്ച കേരളത്തിലെത്തും.
ദ്വിദിന സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്തികളും സാമുദായിക നേതാക്കളുമായി നദ്ദ കൂടിക്കാഴ്ച്ച നടത്തും. വ്യാഴാഴ്ച്ച തൃശൂരില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും നദ്ദ തുടക്കം കുറിക്കും.
പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ ദ്വിദിന കേരള സന്ദര്‍ശനത്തോടെ തെരഞ്ഞെടുപ്പ് കളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ബിജെപി.
നാളെ വൈകുന്നേരം മൂന്നോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന ജെ.പി.നദ്ദയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും.
തിരുവനന്തപുരത്തും തൃശൂരിലുമായി വിശദമായ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍, പ്രമുഖ വ്യക്തികള്‍, മത സാമുദായിക സംഘടനാ നേതാക്കളുമായും നദ്ദ കൂടിക്കാഴ്ച്ച നടത്തും.
നിയമസഭ തെരഞ്ഞെടുപ്പ് ചുമതലയുള്ള നിയോജക മണ്ഡലം ഇന്‍ ചാര്‍ജുകാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തിലും പാര്‍ട്ടി യോഗങ്ങളിലും നദ്ദ പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്ന നദ്ദ വ്യാഴാഴ്ച്ച തൃശൂരില്‍ ബിജെപിയുടെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. എന്‍ഡിഎ മുന്നണിയിലെ ഘടക കക്ഷി നേതാക്കളുമായും നദ്ദ ആശയ വിനിമയം നടത്തും.
കക്ഷികള്‍ ദേശീയ അധ്യക്ഷന് മുന്നില്‍, ലഭിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച അവകാശവാദം ഉന്നയിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ കാണുമോയെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്ര
ഫെബ്രുവരി 20ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്നതിന് മുന്‍പേ പ്രവര്‍ത്തകരെ സജീവമാക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.