നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് അടുക്കാനൊരുങ്ങി യാക്കോബായസഭ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി യാക്കോബായ സഭാ നേതൃത്വം ഉടൻ കൂടിക്കാഴ്ച നടത്തും. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്, തോമസ് മാര്‍ തിമോത്തിയോസ് എന്നിവരാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുക.
പള്ളി തര്‍ക്കത്തില്‍ ബിജെപി സഹായിച്ചാല്‍ പരസ്യ പിന്തുണ പ്രഖ്യാപിക്കാനാണ് സഭാ തീരുമാനം. ഇത്തവണ വോട്ട് സഭയ്ക്ക് ആയിരിക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിനഡിന് ശേഷം വിശ്വാസികളോട് സഭാ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്ന് സഭയിലെ ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കണമെന്ന നിലപാട് സഭ സ്വീകരിക്കുമെന്നാണ് സൂചന.
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സഭയുടെ മാനേജിംഗ് കമ്മിറ്റി ചേര്‍ന്ന് ഉടന്‍ നിലപാട് പ്രഖ്യാപിക്കും. നേരത്തെ ബിജെപി, ആര്‍എസ്എസ് ദേശീയ നേതാക്കള്‍ കേരളത്തിലെത്തി മെത്രാപ്പോലീത്തമാരുമായി ചര്‍ച്ച നടത്തിയിരുന്നു. പള്ളി തര്‍ക്കവിഷയത്തില്‍ ഇടപെടാമെന്നാണ് ബിജെപിയുടെ വാഗ്ദാനം.