നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥി നിർണയം സമുദായത്തോട് ആലോചിച്ച് വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപത. സമുദായത്തോട് കൂറില്ലാത്തവരെ സഭയുടെ ലേബലിൽ നിയമസഭയിൽ എത്തിക്കരുത്. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുന്നണി മാറുന്ന നേതാക്കൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അതിരൂപത നേതൃത്വം കുറ്റപ്പെടുത്തി. ദീപിക ദിനപ്പത്രത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനത്തിലാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നിർദ്ദേശം. സ്ഥാനാർഥി നിർണയത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസം ആർജ്ജിച്ചവരെ പരിഗണിക്കണമെന്ന ജവഹർലാൽ നെഹ്റുവിൻ്റെ ആഹ്വാനം അതിരൂപത ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തെ ഓർമ്മപ്പെടുത്തി. സമുദായ വിരുദ്ധ നിലപാടും ആദർശങ്ങളും ഉള്ളവർ സഭയുടെ പേരിൽ നിയമസഭയിൽ കടന്നുകൂടുന്നത് ആപത്കരമാണെന്ന് ലേഖനത്തിൽ വിമർശനം. പാർട്ടികളിലെ ഗ്രൂപ്പ് വഴക്കുകളെയും, തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഉള്ള മുന്നണി മാറ്റത്തെയും അതിരൂപത രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയ അധികാരം ജനസേവനത്തിനാണ്,
പാർട്ടിയെ വളർത്തനല്ല. സിനിമ ലോകത്ത് ലഭിക്കുന്ന ജനപ്രീതി രാഷ്ട്രീയ നേതൃത്വത്തിന് ഉള്ള യോഗ്യതയല്ലെന്ന് അതിരൂപത നേതൃത്വം പറയുന്നു. അധികാരത്തിൽ എത്തുന്നവർ വോട്ട് ചെയ്തവരെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും, ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ യാക്കോബായ സഭ സിനഡ് ഇന്ന് പുത്തൻകുരിശിൽ ചേരും. പള്ളി തർക്ക വിഷയത്തിൽ സഭയ്ക്ക് അനുകൂലമായി ഓർഡിനൻസ് ഇറക്കാത്തതിലെ പ്രതിഷേധം വിശ്വാസികൾക്കുണ്ട്. അതിനാൽ തന്നെ എൽഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് പൊതുഅഭിപ്രായം.