നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്.
ഗവർണറുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കായി ചേർന്ന സഭയുടെ ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിനെതിരേ ഒന്നിന് പിറകേ ഒന്നായി ഭരണപക്ഷം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതെടെയാണ് ഇരുപക്ഷവും തമ്മിൽ രൂക്ഷമായ തർക്കത്തിന് തുടക്കമായത്.
സഭ ചേർന്നത് മുതൽ പ്രതിപക്ഷത്തിനെതിരായ അഴിമതി ആരോപണങ്ങളിൽ ചോദ്യം ഉന്നയിച്ച് ഭരണപക്ഷാംഗങ്ങൾ പ്രതിരോധ തന്ത്രം പുറത്തെടുത്തു. ബാർകോഴ, സോളാർ, പാലാരിവട്ടം, തുടങ്ങിയ വിഷയങ്ങളിൽ സഭയിൽ ആരോപണ പ്രത്യാരോപണങ്ങളുണ്ടായി.
എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയാണ് മറുപടി നൽകിക്കൊണ്ടിരുന്നത്. തുടക്കത്തിൽ ആരോപണങ്ങൾ പ്രതിപക്ഷം കേട്ടിരുന്നെങ്കിലും പിന്നീട് ഭരണപക്ഷത്തിന്റെ നീക്കങ്ങൾക്കെതിരേ പ്രതിപക്ഷം ശബ്ദം ഉയർത്തുകയായിരുന്നു.