തേഞ്ഞിപ്പലം: മോഷ്ടാക്കൾ കൊണ്ടുപോയ ലാപ്ടോപ്പിന് പകരം സായൂജ്യയ്ക്ക് സിൻഡിക്കേറ്റ് അംഗങ്ങളുടെ വക പുത്തൻ ലാപ്ടോപ്പ്. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിനി സി.എസ്.സായൂജ്യക്കാണ് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചത്.
കാഴ്ച പരിമിതി നേരിടുന്ന സായൂജ്യയുടെ ലാപ്ടോപ്പ് കോഴിക്കോട് ബീച്ചിൽ വെച്ച് കാറിൽനിന്ന് മോഷണം പോവുകയായിരുന്നു. ഗവേഷണക്കുറിപ്പുകളും കാഴ്ച പരിമിതിയുള്ളവർക്കായുള്ള പ്രത്യേക സോഫ്റ്റ്വെയറുകളുമെല്ലാം ഇതിലുണ്ടായിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പുതിയ ലാപ്ടോപ്പ് വാങ്ങി നൽകാൻ തീരുമാനിച്ചത്. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ലാപ്ടോപ്പ് സായൂജ്യക്ക് സമ്മാനിച്ചു.
പ്രൊ വൈസ് ചാൻസലർ ഡോ. എം.കെ.നാസർ, രജിസ്ട്രാർ ഡോ. ഇ.കെ.സതീഷ്, പരീക്ഷ കൺട്രോളർ ഡോ. സി.സി. ബാബു, സിൻഡിക്കേറ്റംഗങ്ങളായ കെ.കെ.ഹനീഫ, ഡോ. ജി.റിജുലാൽ, ഡോ. കെ.പി.വിനോദ് കുമാർ, ഡോ. എം.മനോഹരൻ, ഡോ. കെ.ഡി. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു.