വർക്കല മുത്താനയിൽ നവവധുവിന്റെ ദുരൂഹ മരണത്തിന് പിന്നാലെ ഭർതൃ മാതാവ് ആത്മഹത്യ ചെയ്ത നിലയിൽ* വർക്കല മുത്താന സുനിത ഭവനിൽ പുഷ്പാംഗദന്റെ ഭാര്യ ശ്യാമളയെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 15 നാണ് നാടിനെ ഞെടിച്ച് ശ്യാമളയുടെ മകൻ ശരത്തിന്റെ ഭാര്യ ആതിരയെ കൈ ഞരമ്പും കഴുത്തും മുറിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്നര മാസം പിന്നിടുമ്പോഴാണ് ആതിരയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ മരണം ആത്മഹത്യ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നതെങ്കിലും നിരവധി ആരോപണങ്ങളും സംശയങ്ങളുമാണ് ഉയർന്നു വന്നത്. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇപ്പോൾ ശ്യാമളയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന് സമീപമുള്ള കുടുംബ വീട്ടിലാണ് ശ്യാമളയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർ നടപടികൾ സ്വീകരിച്ചു വരുന്നതായി കല്ലമ്പലം പോലീസ് അറിയിച്ചു.