നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുന്നു; മിന്ത്രയുടെ ലോഗോക്കെതിരെ പരാതി
ന്യൂഡൽഹി: ഓൺലൈൻ വസ്ത്ര വ്യാപാര പോർട്ടലായ മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പരാതി. ലോഗോക്കെതിരെ പരാതിയുമായി മുംബൈ സൈബർ പൊലീസിനു മുന്നിലെത്തിയത് അവസ്ത ഫൗണ്ടേഷനു വേണ്ടി നാസ് പട്ടേൽ ആണ്. സ്ത്രീ ശരീരത്തെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്ന ലോഗോ മാറ്റിയേ തീരൂവെന്നും ഇല്ലെങ്കിൽ ഇത്തരത്തിൽ അപമാനകരമായ ലോഗോ ഉപയോഗിക്കുന്നതിനു മിന്ത്രയ്ക്കെതിരെ നടപടിയെടുക്കണമെന്നും നാസ് പട്ടേൽ പരാതിയിൽ ആവശ്യപ്പെട്ടു.
പരാതിയിൽ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതോടെ മുംബൈ പൊലീസ് പരാതി സ്വീകരിച്ചതിനെത്തുടർന്ന് ഒരുമാസത്തിനകം ലോഗോയിൽ മാറ്റം വരുത്താമെന്നു സമ്മതിച്ചിരിക്കുകയാണ് മിന്ത്ര. ലോഗോയിലെ മാറ്റം പാക്കേജിലും പരസ്യത്തിലുമെല്ലാം പ്രതിഫലിക്കുമെന്നതിനാലാണ് ലോഗോമാറ്റത്തിന് കമ്പനി ഒരു മാസത്തെ സമയം ചോദിച്ചത്. വൈകാതെ വെബ്‌സൈറ്റിലടക്കം ലോഗോ മാറ്റം നിലവിൽ വരും. നേരത്തേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പലതവണ ഈ ആവശ്യം നാസ് പട്ടേൽ ഉന്നയിച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ടവർ അവഗണിച്ചതിനെത്തുടർന്നാണ് സൈബർ പൊലീസിൽ പരാതിയുമായെത്തിയത്. തുടർന്ന് മുംബൈ പൊലീസിലെ സൈബർ വിഭാഗം കമ്പനി അധികൃതർക്ക് ഇ മെയിൽ അയയ്ക്കുകയും കമ്പനി പ്രതിനിധി നേരിട്ടെത്തി വിശദീകരണം നൽകുകയുമായിരുന്നു. കമ്പനിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ ‘എം’ പ്രത്യേക നിറങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് മിന്ത്രയുടെ ലോഗോ. നഗ്നമായ സ്ത്രീ ശരീരത്തെ ആഭാസകരമായി ചിത്രീകരിക്കുകയാണ് ലോഗോയെന്നാണ് എതിരെ ഉയർന്ന വിമർശനം.