തിരൂർ: തോന്നിയ പോലെ കെഎസ്ആർടിസി സർവീസ് നടത്തുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഗുരുവായൂർ – കോഴിക്കോട് റോഡിൽ സാധാരണക്കാർക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കുള്ള ടിടി സർവീസിനു പകരം മിക്ക സമയത്തും ഓടുന്നത് കൂടിയ നിരക്ക് നൽകേണ്ട ഫാസ്റ്റ് പാസഞ്ചറും സൂപ്പർ ഫാസ്റ്റുമാണ്. മുൻപ് ഈ പാതയിൽ ധാരാളം ടിടി സർവീസുകൾ നടത്തിയിരുന്നു. കൂടുതൽ ലാഭം പ്രതീക്ഷിച്ചാണ് ഈ മാറ്റമെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
സർവീസുകൾ വെട്ടിക്കുറച്ചു
20 മിനിറ്റ് കൂടുമ്പോൾ നടന്നിരുന്ന സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. ഇപ്പോൾ ഇരു ഭാഗത്തേക്കും ഒരു മണിക്കൂറിലേറെ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. ഉച്ച കഴിഞ്ഞ് മൂന്നിനു ശേഷം എറണാകുളം ഭാഗത്തേക്ക് സർവീസില്ലാത്തതും യാത്രക്കാരെ പ്രയാസത്തിലാക്കി. മുൻപ് ചമ്രവട്ടം പാലം വഴി എറണാകുളത്തേക്ക് 16 സർവീസുകൾ നടന്നിരുന്നു. രാത്രി ഒൻപതരയോടെ തിരൂരിൽ എത്തിയിരുന്ന ചേർത്തല – മാനന്തവാടി സൂപ്പർ ഫാസ്റ്റും ഇപ്പോൾ സർവീസ് നടത്തുന്നില്ല.
സൂപ്പർ ഫാസ്റ്റും സർവീസ് നിർത്തി
കോവിഡ് കാലത്തിനു ശേഷം വീണ്ടും ആരംഭിച്ച പൊന്നാനി – മൈസൂരു സൂപ്പർ ഫാസ്റ്റും കഴിഞ്ഞ ദിവസം നിർത്തി. പുലർച്ചെ 4ന് പൊന്നാനിയിൽ നിന്ന് പുറപ്പെട്ട് നാലരയ്ക്ക് തിരൂരിലെത്തുന്ന ബസിൽ ആശുപത്രി കാര്യങ്ങൾക്കടക്കം കോഴിക്കോടെത്താൻ ധാരാളം പേർ യാത്ര ചെയ്തിരുന്നു. ഇത് വീണ്ടും നിലച്ചത് രോഗികൾ അടക്കമുള്ളവർക്ക് വലിയ ബുദ്ധിമുട്ടായിട്ടുണ്ട്.
തമിഴ്നാടിന്റെ അനുമതി ലഭിച്ചിട്ടും വർഷങ്ങൾ പഴക്കമുള്ള തിരൂർ – കോയമ്പത്തൂർ സർവീസ് ആരംഭിക്കാതെ അധികൃതർ മടിച്ചു നിൽക്കുന്നതും പ്രതിഷേധമുയർത്തുന്നു. കോഴിക്കോട് നിന്ന് തിരൂർ തിരുനാവായ വഴി തൃശൂരിലേക്ക് സർവീസ് നടത്തുമെന്ന മന്ത്രിയുടെ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
സ്റ്റേഷൻ മാസ്റ്റർ ഓഫിസ് 5ന് പൂട്ടും
വൈകിട്ട് 5 മണിയോടെ തിരൂരിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അടയ്ക്കുന്നതും യാത്രക്കാരെ വലയ്ക്കുന്നു. സർവീസുകൾക്ക് കൃത്യമായ സമയക്രമം ഇല്ലാത്തതിനാൽ ഈ ഓഫിസാണ് ആകെയുള്ള ശരണം. 5 മണിക്കുശേഷം ഇവിടെയെത്തുന്ന യാത്രക്കാർ പൊന്നാനി ഡിപ്പോയിലേക്ക് വിളിച്ചന്വേഷിക്കണം. ഇവിടെ വിളിച്ചാൽ കിട്ടാറില്ലെന്ന ആക്ഷേപവുമുണ്ട്.