പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെ ഉന്നത വിദ്യഭ്യാസം ലക്ഷ്യമിട്ട് മലപ്പുറം തിരൂരിൽ ആരംഭിച്ച പഠന ഗവേഷണ കേന്ദ്രം അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നു. പഠന കേന്ദ്രവും വായനശാലയും ഉടൻ തുറക്കാൻ തിരൂർ മുൻസിപ്പാലിറ്റി തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
1997 ലാണ് നടുവിലങ്ങാടിയിൽ ടി.കെ.ദാമോദരൻ സ്മാരക വായനശാലയും പഠന കേന്ദ്രവും സ്ഥാപിച്ചത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പഠന കേന്ദ്രം നിർമിച്ചത്. നാട്ടുകാർക്ക് ഉപയോഗിക്കാവുന്ന വായനശാലയും ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് വെറും 5 വർഷം മാത്രമാണ് കേന്ദ്രം തുറന്ന് പ്രവർത്തിച്ചത്. കഴിഞ്ഞ മുൻസിപ്പൽ കൗണ്‍സില്‍ തീരൂമാനപ്രകാരം 6 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം നടത്തിയെങ്കിലും ഇതുവരെയും ഇത് തുറക്കാൻ നടപടിയില്ലെന്നാണ് ആക്ഷേപം.
ആരും തിരിഞ്ഞുനോക്കാതായതോടെ കെട്ടിടവും പരിസരവും നശിക്കുകയാണ്. നാടിന് ഉപയോഗപ്രദമാകുംവിധം ഇത് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം