കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കളക്ടറേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
പ്രചാരണത്തില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. സമൂഹത്തില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയോ നിലവില്‍ ഭിന്നതകളുണ്ടെങ്കില്‍ അത് വര്‍ധിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല.
മറ്റ് പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിമര്‍ശനം ഉന്നയിക്കരുത്. ജാതിയുടെയും സമുദായത്തിന്‍റെയും പേരില്‍ വോട്ടു ചോദിക്കാന്‍ പാടില്ല. ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്.
വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടിനുമുന്നില്‍ പ്രകടനം സംഘടിപ്പിക്കാനോ പിക്കറ്റിംഗ് നടത്താനോ പാടില്ല.
പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അവയുടെ ചുമരുകള്‍, മതിലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കുവാനോ എഴുതുവാനോ പാടില്ല. സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങളും സ്ഥലങ്ങളും മറ്റും പ്രചരണത്തിന് ഉപയോഗിക്കുന്നതിന് അവരുടെ മുന്‍കൂര്‍ അനുവാദം രേഖാമൂലം വാങ്ങണം.
കോവിഡ് സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുന്നതിന് എല്ലാ നിയോജകമണ്ഡങ്ങളിലും തിരഞ്ഞെടുപ്പ് വിഭാഗത്തില്‍നിന്നും പ്രത്യേക സ്ഥലങ്ങള്‍ നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ മാത്രമേ നടത്താവൂ. ഇതിന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
ജാഥകള്‍ സംഘടിപ്പിക്കുന്നതിനും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനും പോലീസിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ജാഥ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയം, സഞ്ചരിക്കുന്ന വഴി എന്നിവ പോലീസിനെ അറിയിക്കണം. പങ്കെടുക്കുന്നവര്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.ജാഥയില്‍ കോലങ്ങള്‍ വഹിച്ചു കൊണ്ടുപോകാനോ കത്തിക്കുവാനോ പാടില്ല. റോഡ് ഷോ പോലുള്ള പരിപാടികളില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്. പ്രചരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുവാന്‍ അനുമതിയില്ല-കളക്ടര്‍ വിശദമാക്കി.
ക്രമസമാധാന പാലനം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഡി.ശില്‍പയും തിരഞ്ഞെടുപ്പ് ചിലവു കണക്ക് തയ്യാാക്കുന്നതിനെക്കുറിച്ച്ഫിനാന്‍സ് ഓഫീസര്‍ എം.എസ് ഷാജിയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് വിശദീകരിച്ചു. എഡിഎം ആശ.സി.ഏബ്രഹാം, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ്.എല്‍ സജികുമാര്‍ എന്നിവരും പങ്കെടുത്തു.