തിരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ കൂടുതല്‍ സജീവമാക്കി കോണ്‍ഗ്രസ് നേതൃത്വം.
തിരുവനന്തപുരം: ശനിയാഴ്ച്ച രാവിലെ എട്ടിന് കെ.പി.സി.സി ആസ്ഥാനത്ത് ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ മേല്‍നോട്ട സമിതിയുടെ യോഗം ചേരും. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പല നിലയില്‍ യു.ഡി.എഫില്‍ പുരോഗമിക്കുകയാണ്. അതിന്റെ പുരോഗതിയും തുടര്‍നടപടികളും യോഗം വിലയിരുത്തും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ നിയോജകമണ്ഡലങ്ങളുടെ ചുമതലകളുള്ള കെ.പി.സി.സി സെക്രട്ടറിമാരുടെ യോഗം ഇന്ന് രാവിലെ എ.ഐ.സി.സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വറുടെ സാന്നിദ്ധ്യത്തില്‍ ഇന്ദിരാഭവനില്‍ ചേരും.നിയോജകമണ്ഡലങ്ങളില്‍ ചുമതലാ ദൗത്യങ്ങളുടെ പുരോഗതി വിലയിരുത്തലാണ് ലക്ഷ്യം. തെക്കന്‍മേഖലാ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാളും യോഗത്തിലുണ്ടാകും. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് രാവിലെ തലസ്ഥാനത്തെത്തും. കൊല്ലം ജില്ലയിലെ ഐശ്വര്യ കേരള യാത്രയുടെ സമാപനച്ചടങ്ങില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്. ആലപ്പുഴയില്‍ ചലച്ചിത്രനടന്‍ രമേശ് പിഷാരടി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് സമാനമായി, ഇന്ന് കൊല്ലത്ത് വച്ചും താരപരിവേഷമുള്ള രണ്ട് പേര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് പിടിമുറുക്കുമെന്ന സൂചനകളാണുയരുന്നത്. എ, ഐ ഗ്രൂപ്പുകള്‍ പക്ഷേ, തങ്ങളുടെ പ്രാതിനിദ്ധ്യം വിട്ടു കളിയില്ലെന്ന സൂചനയും നല്‍കിയിട്ടുണ്ട്.