താമരശ്ശേരി ചുരം റോഡ് വീണ്ടും ഇടിഞ്ഞു.വയനാട് ചുരത്തിൽ വീണ്ടും റോഡിൻ്റെ വശം ഇടിഞ്ഞ് വൻ ഗർത്തം രൂപപ്പെട്ടു. ഒമ്പതാം വളവിനു താഴെ തകരപ്പാടിക്കടുത്ത് നിർമാണം നടക്കുന്നിടത്ത് മൂന്നുദിവസം മുമ്പ് ഇടിഞ്ഞതിനോടു ചേർന്നാണ് വീണ്ടും ഇടിച്ചിലുണ്ടായത്. എട്ടര മീറ്റർ താഴ്ചയിൽനിന്ന് കോൺക്രീറ്റ് ബേസ് ഉയർത്തുന്നതിനിടെയാണ് റോഡിൻ്റെ ഒരുവശം താഴേക്ക് പതിച്ചത്. കഴിഞ്ഞ ദിവസത്തെ ഇടിച്ചിലിനെ തുടർന്ന് വൻ ഭാരമുള്ള വാഹനങ്ങൾ പൂർണമായും നിരോധിച്ചിരുന്നു. പകൽ നാലുചക്ര വാഹനങ്ങൾക്കും രാത്രി 10നുശേഷം 15 ടൺ വരെ ഭാരമുള്ള വലിയ വാഹനങ്ങൾക്കുമാണ് യാത്രാനുമതി ഉണ്ടായിരുന്നത്. കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവിസുകൾ ഇതുമൂലം നിലച്ചിരുന്നു. വീണ്ടും ഇടിച്ചിലുണ്ടായതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. കെ.എസ്.ആർ.ടി.സി മിനി ബസുകൾക്ക് ഇനി സിറ്റിങ് ലോഡ് മാത്രമേ ചുരത്തിൽ അനുവദിക്കൂ. അശാസ്ത്രീയ നിർമാണമാണ് തുടർച്ചയായ ഇടിച്ചിലിനു കാരണമെന്ന് ആക്ഷേപമുണ്ട്. പൊതുവെ കുഴപ്പമില്ലാത്ത റോഡാണ് നിർമാണത്തിനിടെ ഇടിയുന്നത്.