കോട്ടയം:കലപ്പയേന്തുന്ന കർഷകരുടെ കൈകളിലെ തഴമ്പുകളുടെ സമരവീര്യത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കണമെന്ന് സി.എസ.ഐ മദ്ധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ്. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടന്ന കർഷക ഐക്യദാർഢ്യ പ്രഖ്യാപനസമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകൻറെ ഉള്ളുരുകുമ്പോൾ രാഷ്ട്രത്തിന്റെ നെഞ്ചാണ് കലങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ് കർഷക പ്രക്ഷോഭത്തെ സഭ പിന്തുണയ്ക്കുന്നു.കർഷകരെ ശത്രുപക്ഷത്ത് നിർത്തി അടിച്ചമർത്താൻ നോക്കാതെ അന്നം തരുന്നവരെ കർമ്മോത്സുകരാക്കി പ്രശ്നപരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കേണ്ടത് ബിഷപ്പ് പറഞ്ഞു. പ്രഖ്യാപന സമരം ഉത്ഘാടനം ചെയ്യുവാനെത്തിയ ബിഷപ്പ് ഉമ്മൻ ജോർജ്ജ് ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി റവ.രഞ്ജി കെ.ജോർജ്ജ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ജിജു മാത്യൂസ് കെ.ഡാൻ, റവ.സന്തോഷ് മാത്യു, റവ.മാത്യൂസ് പി.ഉമ്മൻ, മുന്നു വൈ.തോമസ്, ലിലുപോൾ, ആൻസി സി. ജോൺ എന്നിവർ പ്രസംഗിച്ചു.