ഏറെനാളത്തെ കാത്തിരിപ്പിനുശേഷം തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് മത്സരങ്ങളുടെ ആരവമുണരുന്നു. രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാനപ്പെട്ട ടൂർണമെന്റായ വിജയ്ഹസാരെ ഏകദിന ചാമ്പ്യൻഷിപ്പ് ബുധനാഴ്ച മുതൽ തിരുവനന്തപുരത്ത് ആരംഭിക്കും. നിലവിലെ ചാമ്പ്യൻമാരായ മുംബൈ, തമിഴ്‌നാട്, ബറോഡ, ബംഗാൾ, കർണാടക, പോണ്ടിച്ചേരി ടീമുകൾ ഉൾപ്പെട്ട ബി ഗ്രൂപ്പാണ് വിജയ് ഹസാരെയിൽ തിരുവനന്തപുരത്ത് ഏറ്റുമുട്ടുന്നത്.
കാര്യവട്ടം ഗ്രീൻഫീൽഡ്, കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെ.സി.എ.) മംഗലപുരം സ്റ്റേഡിയം, തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റുകൾക്കായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നവീകരണം കെ.സി.എ.യുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. നേരത്തെ ആർമി റിക്രൂട്ട്‌മെന്റ് റാലിയും പ്രധാനമന്ത്രി പങ്കെടുത്ത തിരഞ്ഞെടുപ്പ് സമ്മേളനവും കഴിഞ്ഞതോടെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് നശിച്ചിരുന്നു. കെ.സി.എ. വേലികെട്ടി സംരക്ഷിച്ചിരുന്നതിനാൽ ഗ്രീൻഫീൽഡിലെ പിച്ചിന് കേടുപാട് സംഭവിച്ചിട്ടില്ല.
മത്സരങ്ങൾക്കായി ആറു ടീമുകളും തിരുവനന്തപുരത്തെത്തി മൂന്ന് സ്റ്റേഡിയങ്ങളിലും പരിശീലനം ആരംഭിച്ചു. അതുകൊണ്ടുതന്നെ കാണികൾക്ക് സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ജനുവരി 13-ന് രഞ്ജി ട്രോഫി മത്സരങ്ങളും ഇവിടെ ആരംഭിക്കും. എന്നാൽ, വിജയ്ഹസാരെയിൽ മൊഹാലിയിലും രഞ്ജി ട്രോഫിയിൽ െബംഗളൂരുവിലുമാണ് കേരളത്തിന്റെ മത്സരങ്ങൾ നടക്കുന്നത്.