തലശേരിയിൽ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി.നസീറിന് പിന്തുണ നൽകാൻ ബിജെപി തീരുമാനിച്ചു.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ പത്രിക തള്ളിയത് പാർട്ടിയെ വിഷമവൃത്തത്തിലാക്കിയിരുന്നു.
പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. ഇതോടെയാണ് മണ്ഡലത്തിലെ വോട്ടർമാരോട് ആരെ പിന്തുണയ്ക്കാൻ നിർദ്ദേശിക്കും എന്ന പ്രതിസന്ധിയിൽ പാർട്ടി എത്തിയത്.
നസീർ അല്ലാതെ പ്രമുഖ സ്വതന്ത്ര സ്ഥാനാർഥികളൊന്നും മണ്ഡലത്തിൽ മത്സര രംഗത്തുണ്ടായിരുന്നില്ല. ഒരുഘട്ടത്തിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാൻ പാർട്ടി ആലോചിച്ചെങ്കിലും ഒത്തുകളി ആരോപിച്ച് എൽഡിഎഫും യുഡിഎഫും വന്നതോടെ പിന്മാറി.
ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തി നസീർ പരസ്യമായി ബിജെപി പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാർട്ടി തീരുമാനം പ്രഖ്യാപിച്ചത്.