തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിൽ തിരിമറി നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തപാൽ വോട്ടിൽ വ്യാപകമായ തിരിമറി നടക്കുകയാണ്. ഇത് ഫലപ്രദമായി തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ട് ചെയ്ത ഇവർക്ക് ഇപ്പോൾ തപാൽ വോട്ടിനുള്ള ബാലറ്റ് പോസ്റ്റലായും വരികയാണ്. ഇവർ വീണ്ടും തപാൽ വോട്ട് ചെയ്താൽ അത് ഇരട്ടിപ്പാവും. നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ടു ചെയ്തവർക്ക് ഇപ്പോൾ അവരുടെ വീട്ടിലെ വിലാസത്തിലോ ഓഫീസ് വിലാസത്തിലോ ആണ് പോസ്റ്റൽ ബാലറ്റുകൾ ലഭിക്കുന്നത്. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഇതും തിരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാവും. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.
നേരത്തെ പ്രത്യേക കേന്ദ്രങ്ങളിൽ പോയി വോട്ടു ചെയ്തവരെ വോട്ടർ പട്ടികയിൽ മാർക്ക് ചെയ്യേണ്ടതായിരുന്നു. അതു നോക്കി ഒരിക്കൽ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാൽ വോട്ട് അയയ്ക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അതിൽ വീഴ്ച പറ്റിയിരിക്കുകയാണ്. ഇത് മനപ്പൂർവ്വം ചെയ്തതാണോ എന്നതും പരിശോധിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയതായി ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേട് തടയാൻ അഞ്ച് നിർദേശങ്ങളും ചെന്നിത്തല മുന്നോട്ടുവെച്ചു.