സംസ്ഥാനത്തെ 32 തദ്ദേശവാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്കാണ് അവസാനിക്കുക. തിരുവനന്തപുരം, കൊച്ചി കോര്‍പ്പറേഷനുകളിലെ ഓരോ വാര്‍ഡുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. വോട്ടെണ്ണല്‍ നാളെ നടക്കും.
കൊച്ചി കോര്‍പ്പറേഷനിവെ ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പാണ് ഏറെ ശ്രദ്ധേയമായത്. നേരിയ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് ഏറെ നിര്‍ണായകമാണ്.
കൗണ്‍സിലര്‍ കെ കെ ശിവന്‍ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മൂന്നര പതിറ്റാണ്ടായി എല്‍ഡിഎഫിന്റെ കുത്തക വാര്‍ഡാണ് ഗാന്ധിനഗര്‍. എന്നാല്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥിയായ ശിവന്‍ വിജയിച്ചത്.
അന്തരിച്ച ശിവന്റെ ഭാര്യ ബിന്ദുവിനെയാണ് എല്‍ഡിഎഫ് കോട്ട കാക്കാന്‍ രംഗത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ തവണ 115 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട പി ഡി മാര്‍ട്ടിന്‍ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി.
ബിജെപിയുടെ പി ജി മനോജ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കെഎസ്ആര്‍സി സ്റ്റാന്‍ഡും കമ്മട്ടിപ്പാടവും ഉള്‍പ്പെടുന്ന കൊച്ചി നഗരത്തിലെ ഹൃദയഭാഗത്താണ് 63-ാം വാര്‍ഡ് സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് ഡിവിഷനിലാണ് വോട്ടെടുപ്പ്. കൗണ്‍സിലറായിരുന്ന സാബു ജോസ് കോവിഡ് ബാധിച്ച് മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത വാര്‍ഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. ക്ലൈനസ് റോസാരിയോ ആണ് ഇടതുസ്ഥാനാര്‍ത്ഥി. അതേസമയം വാര്‍ഡ് തിരിച്ചുപിടിച്ച് തീരമേഖലയിലെ ശക്തി തെളിയിക്കാനാണ് യുഡിഎഫ് ശ്രമം. ബെര്‍ബി ഫെര്‍ണാണ്ടസ് ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എം പോളാണ് ബിജെപി സ്ഥാനാര്‍ത്ഥി.