കോട്ടയ്ക്കൽ: ജീവിതശൈലീ രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനായി വകുപ്പ് സമഗ്രപഠനം തുടങ്ങി.
ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം സംസ്ഥാനത്ത് 38 ശതമാനം ആളുകൾക്കു രക്തസമ്മർദവും 24 ശതമാനം പേർക്കു പ്രമേഹവുമുണ്ട്. മൂന്നിൽ ഒരാൾക്കു രക്തസമ്മർദവും അഞ്ചിൽ ഒരാൾക്കു പ്രമേഹവും ഉണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. 40 വയസ്സിൽ താഴെയുള്ളവർക്കു പക്ഷാഘാതം പിടിപെടുന്നതിൽ ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതൽ ഡയാലിസിസ് യൂണിറ്റുകൾ ഉള്ളതും ഇവിടെയാണ്. ജീവിത ശൈലീ രോഗങ്ങൾ കൂടുതൽ കാണുന്ന സംസ്ഥാനമായി മാറിയ സാഹചര്യത്തിലാണ് സമഗ്രപഠനം നടത്താൻ അധികൃതർ തീരുമാനിച്ചത്.
“കിരൺ” എന്ന പേരിൽ 14 ജില്ലകളിലായി 4,000 വാർഡുകളിലെ 10 ലക്ഷം ആളുകൾക്കിടയിലാണ് പഠനം നടത്തുക. എണ്ണയുടെയും പച്ചക്കറികളുടെയും ഉപയോഗം, മദ്യപാനം, വ്യായാമം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള ആധികാരിക വിവര ശേഖരണമാണ് പഠനത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം, കാസർകോഡ്, തിരുവനന്തപുരം ജില്ലകളിൽ പഠനം തുടങ്ങി.