വാർത്ത: സജി മാധവൻ
കോട്ടയം: ജനപ്രതിനിധികൾ ജനസേവകരായി പ്രവർത്തിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ദർശന സാംസ്കാരിക കേന്ദ്രത്തിന്‍്റെയും കോട്ടയം പൗരാവലിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ദർശന സാംസ്കാരിക കേന്ദ്രത്തിൽ നഗരസഭാദ്ധ്യക്ഷർ , ജില്ലാ പഞ്ചായത്ത് മെമ്പർമാർ, കോട്ടയം നഗരസഭയിലെ കൗൺസിലർമാർ, വിജയപുരം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻറുമാർ എന്നിവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് 2021 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ തങ്ങളിൽ അർപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന ബോധ്യം ജനങ്ങൾക്കുണ്ടാകണം പാവങ്ങളോടും രോഗികളോടും കാരുണ്യപൂർവ്വം പ്രവർത്തിക്കണം. രാഷ്ട്രീയം നോക്കാതെ എല്ലാവരേയും ഒരുമയോടെ കാണുകയും അവർക്കുവേണ്ടി നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുകയും വേണമെന്ന് അദ്ദേഹം പ്രതിനിധികളെ ഉദ്ബോധിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർമാർക്കും നഗരസഭാ അദ്ധ്യക്ഷർക്കും അദ്ദേഹം മെമൻ്റോകൾ വിതരണം ചെയ്തു. ചടങ്ങിൽ കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, മുൻ എം എൽഎ സ്റ്റീഫൻ ജോർജ്ജ്, സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അനിൽകുമാർ, സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം വി ബി ബിനു, ബി ജെ പി ജില്ലാ പ്രസിഡൻ്റ് നോബിൾ മാത്യു ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി എന്നിവർ പ്രസംഗിച്ചു