ഛത്തീസ്ഗഡിൽ കാണാതായ സി.ആര്‍.പി.എഫ് ജവാന്‍ മാവോയിസ്റ്റുകളുടെ തടവില്‍. മാവോയിസ്റ്റുകള്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരെയാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ പതിനെട്ട് ജവാന്മാരില്‍ 17 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ബിജാപൂരിലെത്തിയ ആഭ്യന്തര മന്ത്രി അമിത്ഷാ ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. അമിത്ഷായുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി.
ആക്രമണം നടന്ന വനത്തിലെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഇന്നലെയും ഇന്നുമായി നടത്തിയ തിരച്ചിലില്‍ ജവാനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ജവാന്‍ മാവോയിസ്റ്റുകളുടെ തടവിലായിരിക്കുമെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതിന് മാവോയിസ്റ്റുകള്‍ തന്നെ സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. രണ്ട് പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ഫോണിലൂടെയാണ് മാവോയിസ്റ്റുകള്‍ വിവരം അറിയിച്ചത്. ജവാന്‍ സുരക്ഷിതനാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ വിട്ടയക്കുമെന്നും ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി നല്‍കുന്നതിനുള്ള ആലോചനകള്‍ ഉന്നതതലത്തില്‍ സജീവമാണ്.
ഛത്തീസ്ഗഡിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി എന്നാണ് വിവരം. മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, സി.ആര്‍.പി.എഫിന്‍റെയും സംസ്ഥാന പൊലീസിന്‍റെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി പറഞ്ഞു. രാവിലെ ജഗ്ദാല്‍പൂരില്‍ ജവാന്മാര്‍ക്ക് ആന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങിലും അമിത് ഷാ പങ്കെടുത്തു. പരുക്കേറ്റ ജവാന്മാരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. അതേസമയം ആക്രമണത്തിന് കാരണമായത് ഇന്‍റലിജന്‍സ് വീഴ്ചയാണെന്ന റിപ്പോര്‍ട്ടുകളില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാണ്.