ഡൽഹിയിലെ ചരിത്രസ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. അടച്ചിടാനുള്ള കാരണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമസഭവങ്ങളെ തുടർന്നാണ് ചെങ്കോട്ട അടച്ചത്. അക്രമസംഭവങ്ങളിൽ ഉണ്ടായ കേടുപാടുകൾ കണക്കാക്കാനാണ് ഇതെന്നാണ് സൂചന.
ജനുവരി 19നാണ് ആദ്യം കോട്ട അടച്ചത്. പക്ഷിപ്പനി ഭീഷണിയെത്തുടർന്ന് 22 വരെ അടച്ചിട്ട കോട്ട 26 വരെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾക്കായി വീണ്ടും അടച്ചിട്ടു. റെഡ് ഫോർട്ടിലെ മെറ്റൽ ഡിറ്റക്ടറും ടിക്കറ്റ് കൗണ്ടറുമൊക്കെ തകർക്കപ്പെട്ടിരിക്കുന്ന നിലയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയിലെ സുരക്ഷ ശക്തമാക്കിയിയിരുന്നു.
അതേസമയം, ചെങ്കോട്ട സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം കർഷക സംഘടനകൾ ശക്തമാക്കി. പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങളെന്ന് സംയുക്ത കിസാൻ മുക്തി മോർച്ച ആരോപിച്ചു.