ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘ചുരുളി’ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രം പൊതുധാർമികയ്ക്ക് നിരക്കാത്തതെന്നും പ്രദർശനം തടയണം എന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ് എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂർ സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
അടുത്തിടെയാണ് ‘ചുരുളി’ പ്രദര്‍ശനത്തിന് എത്തിയത്. ഒടിടി റിലീസായിട്ടാണ് ചുരുളി എത്തിയത്. ചുരുളിയിലെ സംഭാഷണങ്ങളില്‍ അസഭ്യ പദങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ വിമര്‍ശനവുമുണ്ടായി. ചുരുളി എന്ന സ്ഥലം കണ്ടെത്തുന്നതിനും അവിടം ഒന്ന് കാണുന്നതിനും സോഷ്യല്‍ മീഡിയിലടക്കം മറ്റുള്ളവര്‍ ശ്രമം ആരംഭിച്ചതോടെ യഥാര്‍ത്ഥ ചുരുളിയിലെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇടുക്കി ജില്ലയിലാണ് യഥാര്‍ത്ഥ ചുരുളി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സിനിമയില്‍ നിന്നും വ്യത്യസ്തമായ കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒരു നാടാണ് യഥാര്‍ത്ഥ ചുരുളി.
അതേസമയം സിനിമയിലെ തെറിവിളികള്‍ വിവാദമായപ്പോള്‍, ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്ത പതിപ്പല്ലെന്നാണ് സെൻസര്‍ ബോര്‍ഡ് വിശദീകരിച്ചത്. ഒടിടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്ത പതിപ്പല്ല. ചുരുളി മലയാളം സിനിമയ്‍ക്ക് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്.
2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്‍തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‍സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.
ജല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. കഴിഞ്ഞ ഐഎഫ്എഫ്‍കയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരുവിഭാഗം ആള്‍ക്കാര്‍ ചിത്രത്തെ ഏറ്റെടുത്തപ്പോള്‍ മറുവിഭാഗം സംഭാഷണങ്ങളില്‍ അസഭ്യ വാക്കുകള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ചു. ചുരുളിഎന്ന ചിത്രത്തിലെ അസഭ്യം കലര്‍ന്ന ഭാഷയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എം എസ് നുസൂര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്. വിനയ് ഫോർട്ട്, ജോജു ജോർജ്, ചെമ്പൻ വിനോദ്, തുടങ്ങിയവരാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന അറിയിപ്പോടെ പ്രദര്‍ശനത്തിനെത്തിയ ചുരുളിയിലെ പ്രധാനതാരങ്ങൾ.