വേങ്ങര: കോഴി വ്യാപാരിയെ മർദിച്ച് പണം കവർന്നതായി പരാതി. കൂരിയാട് സഫ മാർക്കറ്റിൽ പോപുലർ ചിക്കൻ സ്റ്റാൾ ഉടമ ഊരകം അത്താണിക്കുണ്ട് പുത്തൻപുരക്കൽ ഷാനവാസിനെയാണ് (45) മർദിച്ചത്.
ബുധനാഴ്ച രാത്രി 9.30ഓടെ കടയച്ചു പോകാനൊരുങ്ങവെ ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നുവെന്നും കയ്യിലുണ്ടായിരുന്ന 67,000 രൂപ കവർന്നതായും ഷാനവാസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ ഷാനവാസ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കോഴി അവശിഷ്ടങ്ങൾ വാങ്ങുന്നവരാണ് മർദനത്തിനു പിറകിലെന്ന് കോട്ടക്കൽ ഏരിയ ചിക്കൻ വ്യാപാരി സമിതി നേതാക്കൾ പറഞ്ഞു. ഷാനവാസ് അടക്കമുള്ളവരിൽനിന്ന് നേരത്തേ ഇവർ അഞ്ച് രൂപക്കായിരുന്നു ഒരുകിലോ എടുത്തിരുന്നത്. എന്നാൽ, കരാർ അവസാനിച്ചപ്പോൾ മൂന്നു രൂപക്ക് എടുക്കുന്ന മറ്റൊരു കമ്പനിക്ക് കരാർ നൽകിയത്രേ.
ഇതിലുള്ള വിരോധമാണ് മർദന കാരണം. കോട്ടക്കൽ ഏരിയ ചിക്കൻ വ്യാപാര സമിതിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ പ്രതിഷേധ കടനവും വിശദീകരണവും നടത്തി.