ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എംപിയുമായി കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വിഭജനം ചർച്ചയായില്ല. നിലവിൽ തർക്കങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വണ്ടൂർ, മമ്പാട്, നിലമ്പൂർ എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. വിവിധ ഉദ്ഘാടന പരിപാടികൾക്ക് ശേഷം അദ്ദേഹം ഇന്നു തന്നെ കൽപറ്റയിലേക്ക് തിരിക്കും.