കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ലതികാ സുഭാഷ്. ഓലപാമ്പ് കാട്ടി ഏറ്റുമാനൂരുകാരെ പേടിപ്പിക്കണ്ട. താൻ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് മുല്ലപ്പള്ളി തെളിയിക്കണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു. അതേ സമയം 19 ന് ലതികാ സുഭാഷ് നാമനിർദേശ പത്രിക സമർപ്പിക്കും.
ലതികാ സുഭാഷ് അടഞ്ഞ അധ്യായമെന്നായിരുന്നു രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണം. കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട കാര്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ പരിഹസിക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞ ലതിക സുഭാഷ് താൻ എന്ത് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ മുല്ലപ്പള്ളിയെ വെല്ലുവിളിക്കുകയും ചെയ്തു.
രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും എതിരെയും ലതിക സുഭാഷ് വിമർശനം ഉന്നയിച്ചു.
അവഗണിക്കപ്പെട്ട നിരവധി നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ലതിക അവകാശപ്പെടുന്നു. നാളെ ഏറ്റുമാനൂരിൽ വിവിധ മേഖലയിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന പൗര സ്വീകരണത്തിൽ ലതികാ സുഭാഷ് പങ്കെടുക്കും. വരുന്ന 19 ന് നാമനിർദേശപത്രിക നൽകും.