കോൺഗ്രസിനകത്ത് ജിഹാദി കോൺഗ്രസ് പിടിമുറുക്കുന്നു: കെ.സുരേന്ദ്രൻ
കടുതുരുത്തി: കോൺഗ്രസിനകത്ത് ജിഹാദി കോൺഗ്രസ് പിടിമുറുക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമിയുടെ ആശയവുമായാണ് ഇവർ പ്രവർത്തിക്കുന്നതെന്നും കടുതുരുത്തിയിൽ വിജയയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. എ,ഐ ഗ്രൂപ്പുകളേക്കാൾ ശക്തമാണ് ജിഹാദി ഗ്രൂപ്പ്. യുഡിഎഫിൽ ആരാണ് നേതാവെന്നും എവിടെ ആരൊക്കെ മത്സരിപ്പിക്കണമെന്നും തീരുമാനിക്കുന്നത് അവരാണ്. ഭൂരിപക്ഷ സമുദായക്കാർ കോൺഗ്രസിൽ അവഗണിക്കപ്പെടുകയാണ്. കെ.സുധാകരന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഇതാണ്. കോൺഗ്രസിന് ഇതിനെതിരെ ഒന്നും ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടാണ് ഇങ്ങനെ പോയാൽ കോൺഗ്രസ് മുഴുവൻ ബിജെപിയാകുമെന്ന് കെ.സുധാകരൻ പറഞ്ഞത്. ഹിന്ദു,ക്രിസ്ത്യൻ പെൺകുട്ടികളെ ജിഹാദികൾ തട്ടിക്കൊണ്ട് പോയി മതപരിവർത്തനത്തിനിരയാക്കുകയാണ്. ഒരുമിച്ച് നിന്നാൽ എല്ലാവർക്കും രക്ഷയുണ്ടെന്ന് സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. അടുത്ത ഡിലിമിറ്റിൽ മലപ്പുറത്ത് കൂടുന്ന സീറ്റുകൾ കോട്ടയത്താണ് കുറയുക.
കോട്ടയത്തെ നെൽകർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നതാണ് എൽഡിഎഫ് സർക്കാരിൻ്റെ നേട്ടമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ദില്ലിയിലെ കർഷകസമരത്തിൽ പോയിട്രാക്ടറ്റർ ഓടിക്കുന്ന ഇടതുപക്ഷ എംപിമാർ സ്വന്തം നാട്ടിലെ കർഷകരുടെ ദാരുണമായ അനുഭവം കാണുന്നില്ല. നെല്ല് കൂട്ടിയിട്ട് കത്തിക്കേണ്ട ദുർഗതിയാണ് നെൽക്കർഷകർക്കുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.