ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ശിപാർശ ചെയ്തു.
ഇന്ത്യക്കാർക്ക് ആദ്യം കിട്ടുന്നത് കൊവിഷീൽഡ്.
എന്താണ് കൊവിഷീൽഡ്?
അങ്ങനെ ഒടുവിൽ ഇന്ത്യയിലും കൊവിഡ് വാക്സിൻ്റെ എമർജൻസി ഉപയോഗത്തിനുള്ള ആദ്യ കടമ്പ കടന്നു.
ഇനി ഡ്രഗ് കണ്ട്രോളറുടെ സമ്മതവും കൂടി കിട്ടിയാൽ വാക്സിൻ കൊടുത്തു തുടങ്ങാം.
കൊവിഷീൽഡ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന AZD1222 എന്ന വാക്സിനാണിത്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ജെന്നർ ഇൻസ്റ്റിട്യൂട്ടും ആസ്ട്രസെനക്ക എന്ന കമ്പനിയും ചേർന്നാണിത് രൂപകൽപ്പന ചെയ്തതും ഗവേഷണങ്ങൾ നടത്തിയതും. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണിതിൻ്റെ പ്രധാന നിർമ്മാതാക്കൾ. UK, അർജൻ്റീന തുടങ്ങിയ രാജ്യങ്ങൾ നേരത്തേ തന്നെ ഈ വാക്സിൻ കൊടുത്തു തുടങ്ങിയിട്ടുണ്ട്.
നേരത്തേ പല രാജ്യങ്ങളും വിതരണം ചെയ്ത Pfizer, Moderna വാക്സിനുകൾ ‘RNA വാക്സി’നായിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി കൊവിഷീൽഡ് ഒരുതരം ‘വൈറൽ വെക്റ്റർ’ വാക്സിനാണ്.
താരതമ്യേന നിരുപദ്രവകാരിയായ ഒരു വൈറസിൻ്റെ ജനിതക പദാർത്ഥത്തിലേക്ക് വാക്സിൻ ഉണ്ടാക്കേണ്ട വൈറസിൻ്റെ (ഇവിടെ കോവിഡ് വൈറസ്) ജനിതക പദാർത്ഥം ജനറ്റിക് എഞ്ചിനീയറിംഗ് വഴി കൂട്ടിച്ചേർത്തു, ആ വൈറസിനെ ജീവനോടെ വാക്സിനിൽ ഉപയോഗിക്കുന്നതാണ് ‘വൈറസ് വെക്റ്റർ വാക്സിൻ’. ജീവനുള്ള വൈറസിനെ തന്നെ വാക്സിനിൽ ഉപയോഗിക്കുന്നതിനാൽ ആൻറിബോഡി നിർമ്മാണത്തിൻ്റെ കാര്യക്ഷമതയിൽ കിൽഡ് വാക്സിനെക്കാളും സബ് യൂണിറ്റ് വാക്സിനെക്കാളും വളരെ ഗുണപ്രദമാണ് ഇത്തരം വാക്സിനുകൾ.
പക്ഷേ നിരുപദ്രവകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുക എന്നതാണ് ഇത്തരം വാക്സിൻ നിർമ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മുമ്പ് എബോളക്കെതിരെ ഇത്തരമൊരു വാക്സിൻ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. ചിമ്പാൻസികളിൽ ജലദോഷം പോലൊരു നിസാരരോഗമുണ്ടാക്കുന്ന ഒരു വൈറസിനെയാണ് കൊവി ഷീൽഡ് വാക്സിനിൽ വെക്റ്ററായി ഉപയോഗിച്ചിരിക്കുന്നത്.
ഈ വാക്സിന്റെ മറ്റൊരു പ്രത്യേകത ഇത് സൂക്ഷിക്കാൻ അധികം തണുത്ത താപനില ആവശ്യമില്ലാത്തതിനാൽ എളുപ്പത്തിൽ പലസ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സാധിക്കും എന്നതാണ്. Pfizer വാക്സിൻ മൈനസ് 70 ഡിഗ്രിയിലും Moderna വാക്സിൻ മൈനസ് 20 ഡിഗ്രിയിലും സൂക്ഷിക്കണം. പക്ഷെ ഇതിന് 2 മുതൽ 8 ഡിഗ്രി വരെ ചൂടു താങ്ങാൻ പറ്റും. സാധാ റെഫ്രിജറേറ്റർ തന്നെ മതിയാവും. മാത്രമല്ല, പ്രായമായവരിൽ ശക്തമായ ഇമ്മ്യൂൺ റെസ്പോൺസ് ഈ വാക്സിൻ കാണിക്കുന്നുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്.
70 ശതമാനമാണ് അതിൻ്റെ ശരാശരി എഫിക്കസിയെന്നാണ് കണക്കാക്കപ്പെടുന്നത്. മറ്റു വാക്സിനുകളിലത് 90% ത്തിന് മുകളിലാണ്. ഇതും രണ്ടു ഡോസ് വാക്സിൻ വീതമാണ് ഓരോരുത്തർക്കും നൽകേണ്ടത്.
സീറം ഇൻസ്റ്റിറ്റ്യൂട്ട് 5 കോടി വാക്സിൻ യൂണിറ്റുകൾ ഇതിനകം നിർമ്മിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
ഭാരത് ബയോടെക്കിൻ്റെ ഇന്ത്യൻ വാക്സിനും (കൊവാക്സിൻ) ഉടൻ വിപണനാനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.
കോവി ഷീൽഡിന് കേന്ദ്ര സര്‍ക്കാരിന് ഒരാള്‍ക്കുള്ള ഡോസിന് 440 രൂപയ്ക്കും സ്വകാര്യ വിപണയില്‍ ഇത് 700 മുതല്‍ 800 രൂപ വരെയാകുമെന്നും സിറം സിഇഒ അദാര്‍ പൂനെവാല പറഞ്ഞു.
