കോവിഡ് 19 വാക്സിനേഷൻ കൂടുതൽ പേരിൽ എത്തിക്കണം; കെ.കെ. ശൈലജ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തെഴുതി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷൻ കൂടുതൽ പേരിൽ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷവർധന് കത്തെഴുതി. അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാൻ വീണ്ടും അവസരം നൽകുക, മൂന്നാമത്തെ മുൻഗണനാ ഗ്രൂപ്പിന്റെ വാക്സിനേഷനായി കൂടുതൽ കോവിഡ് വാക്സിൻ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും കത്തിൽ ഉന്നയിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ സംസ്ഥാനത്തെ ഭൂരിഭാഗം ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തെങ്കിലും കുറച്ച് ആരോഗ്യ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാനുള്ള ടൈം ലൈൻ നഷ്ടമായിരുന്നു. അവർക്ക് വീണ്ടും രജിസ്ട്രേഷൻ ചെയ്യാനുള്ള അവസരം നൽകണം. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രായമായ ജനസംഖ്യയുള്ളത് കേരളത്തിലാണ്. മൂന്നാമത്തെ മുൻഗണനാ ഗ്രൂപ്പായ 50 വയസിന് മുകളിൽ പ്രായമുള്ളവരുടെ രജിസ്ട്രേഷനും വാക്സിനേഷനും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എത്രയും വേഗം മാർഗനിർദേശം നൽകുകയും ഇവർക്ക് ആവശ്യമായ വാക്സിൻ അധികമായി നൽകുകയും ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇതുവരെ 3,36,327 ആരോഗ്യ പ്രവർത്തകരും (പുതുക്കിയ ടാർജറ്റിന്റെ 94%), 57,678 മുന്നണി പോരാളികളും (38%) ആദ്യത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ 23,707 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. കേരളം കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. കേരളത്തിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് കോവിഡ് വന്നുപോയതായി ഐസിഎംആർ സിറോ സർവയലൻസ് പഠനത്തിൽ കണ്ടെത്തിയത്. നന്നായി ഏകോപിപ്പിച്ച പ്രതിരോധ പ്രവർത്തനങ്ങളും ഇടപെടലുകളും മൂലമാണ് രാജ്യത്തെ മികച്ച പ്രതിരോധം തീർക്കാൻ കേരളത്തിനായതെന്നും കത്തിൽ മന്ത്രി വ്യക്തമാക്കി.