രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിലുള്ള വാക്സിനുകൾക്കും അടിയന്തര അനുമതി നൽകാനൊരുങ്ങി കേന്ദ്രസർക്കാർ.
ലോകാരോഗ്യ സംഘടന അനുമതി നൽകിയ എല്ലാ വാക്സിനുകളും ഉപയോഗിക്കാനാണ് തീരുമാനം.
വിദേശ വാക്സീനുകള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ പ്രത്യേക പരീക്ഷണം ആവശ്യമില്ല. വാക്സീന് നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തി.
കോവിഡ് പ്രതിരോധ കുത്തിവയ്പ് വേഗത്തിലാക്കുന്നതിനും കൂടുതൽ പേരിൽ എത്തിക്കുന്നതിനും വേണ്ടിയാണിത്. അഞ്ച് വാക്സിനുകൾക്ക് കൂടി ഉടൻ അംഗീകാരം നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോൺസൺ ആൻഡ് ജോൺസൺ (ബയോ ഇ), സിഡസ് കാഡില, സിറംസിന്റെ നോവാവാക്സ്, ഭാരത് ബയോടെക്കിൽ നിന്നുള്ള നാസൽ വാക്സിൻ എന്നിവയ്ക്കാണ് അനുമതി നൽകിയേക്കുക. മതിയായ അളവിൽ കോവിഡ് വാക്സിൻ ലഭിക്കുന്നില്ലെന്ന് പല സംസ്ഥാനങ്ങളും പരാതി ഉന്നയിച്ചിരുന്നു. കോവിഡ് ആഞ്ഞടിക്കുന്ന മഹാരാഷ്ട്ര പഞ്ചാബ്, ഡൽഹി, തെലുങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ആക്ഷേപം ഉയർന്നത്.
റഷ്യയുടെ സ്പുട്നിക് വാക്സിൻ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഎ) അനുമതി നൽകിയിരുന്നു. മേയ് ആദ്യം മുതൽ വാക്സിൻ രാജ്യത്ത് വിതരണം ചെയ്യും. ഇന്ത്യയിൽ വിതരണത്തിനെത്തുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്-വി.
91.6 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്ന സ്പുട്നിക് വാക്സിൻ ഡോ. റെഡ്ഡീസാണ് ഇന്ത്യയിൽ നിർമിക്കുന്നത്. റഷ്യയിലെ ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്