കോവിഡ് വാക്സിൻ വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് സംസ്ഥാന സർക്കാർ.
വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടു വന്നില്ലെന്നും സർക്കാർ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചത്. ശുചീകരണ തൊഴിലാളികളെ കോവിഡ് മുന്നണിപ്പോരാളികൾ ആയി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്രസർക്കാർ നൽകുന്ന വാക്സിൻ സ്വകാര്യ ആശുപത്രികൾ മുഖേന വഴിയും വിതരണം ചെയ്യാനാകുമോ എന്ന് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും