കോവിഡ് – ലോക്ഡൗൺ കാലയളവിലെ രണ്ടു മാസത്തെ വാടക ഒഴിവാക്കുമെന്ന് കോട്ടയം നഗരസഭ
കോട്ടയം നഗരസഭ ഷോപ്പിങ് കോംപ്ലക്സുകളിലെ മുറികളിലെ കച്ചവടക്കാർക്ക് കോവിഡ് – ലോക്ഡൗൺ കാലയളവിലെ രണ്ടു മാസത്തെ വാടക ഒഴിവാക്കി കൊടുക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. കച്ചവടക്കാർ ഇതു സംബന്ധിച്ച് നേരത്തെ നിവേദനം നൽകിയിരുന്നു. റവന്യു ഇൻസ്പെക്ടർമാരുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാടക ഇളവ് അനുവദിക്കാനാണ് കൗൺസിൽ യോഗ തീരുമാനം. മർച്ചന്റ്സ് അസോസിയേഷനും വിവിധ വ്യാപാര സംഘടനകളും കച്ചവടക്കാർ നേരിട്ടും നിവേദനം നൽകിയിരുന്നു.
ചെറുപൈങ്കുളം പാടശേഖരം, മുടിയൂർമൂഴൂർ പാടശേഖരങ്ങളിലേക്ക് മീനച്ചിലാറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനും 40–ാം വാർഡിലെ കൊട്ടാരം ജലസംഭരണിയിലേക്ക് സ്രാമ്പിക്കടവ്, വാലേക്കടവ് തോടുകളിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനും മോട്ടറുകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. കൂടാതെ കുറയ്ക്കലാറ്റുചിറ പാടശേഖരത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് സംവിധാനം ഒരുക്കും. 4,5,6 വാർഡുകളിൽ ജലക്ഷാമം പരിഹരിക്കുന്നതിന് നിർമിച്ച പമ്പ് ഹൗസിന് വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. നഗരസഭ ഉപാധ്യക്ഷൻ ബി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
നഗരസഭ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ഉപാധ്യക്ഷൻ ബി. ഗോപകുമാർ അറിയിച്ചു. നഗരസഭ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്. ഓഫിസിൽ ഓൺലൈൻ പണമിടപാട് സംവിധാനം ജൂൺ മാസത്തോടെ നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൗൺസിൽ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുട്ടമ്പലം എൽപിജി ശ്മശാനത്തിലെ ജനറേറ്റർ പ്രവർത്തനക്ഷമമാക്കുന്നതിനും തീരുമാനമായി.