കേരളത്തിൽ കോവിഡ് രൂക്ഷം; രാജ്യത്ത് രണ്ടാമത് എറണാകുളം: അടിയന്തര ചർച്ച ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി നോട്ടീസ് നൽകി
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും, രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന 5 ജില്ലകളിൽ ഒന്ന് എറണാകുളമാണെന്നും, സാഹചര്യം മനസ്സിലാക്കി കേന്ദ്രത്തിന്റെ പ്രത്യേക മെഡിക്കൽ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടും ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.
രാജ്യത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് പ്രശംസിക്കപ്പെട്ടതിൽ നിന്ന്, കേരളം ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്നു. കൊറോണ വൈറസ് ദിനംപ്രതി മിക്ക സംസ്ഥാനങ്ങളിലും കേസുകൾ കുറയുന്ന പ്രവണത കാണിക്കുന്നുണ്ടെങ്കിലും, ആശങ്കയുണ്ടാക്കുന്ന ചില സംസ്ഥാനങ്ങളിൽ കേരളം ഉൾപ്പെടുന്നു. നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് -19 രോഗികൾ കേരളത്തിലാണ് ഉള്ളത്. ഏറ്റവും കൂടുതൽ സജീവമായ കേസുകൾ എറണാകുളത്തും (10,450). ഇന്ത്യയിലെ ജനസംഖ്യയുടെ 3 ശതമാനം മാത്രമുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത മൊത്തം കേസുകളിൽ നാലിലൊന്നിലും കേരളത്തിലാണെന്നും ഹൈബി ഈഡൻ എംപി നോട്ടിൽ സൂചിപ്പിച്ചു.
5 മുതൽ 6 ശതമാനം വരെ ഉയർന്നുകൊണ്ടിരിക്കുന്ന ദേശീയ പോസിറ്റിവിറ്റി നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, കേരളത്തിൽ അടുത്ത ദിവസങ്ങളിൽ 12.48 ശതമാനം പോസിറ്റീവ് നിരക്കാണ്.
ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രായമായവരിൽ വലിയൊരു ശതമാനം സംസ്ഥാനത്താണുള്ളത് എന്നതും കണക്കിലെടുത്ത് ഉടൻ തന്നെ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേക ആരോഗ്യ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നു ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.