വാർത്ത: സുരേഷ് സൂര്യ, ചിത്രങ്ങൾ: സജി മാധവൻ
കോട്ടയം: എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കോട്ടയത്ത് വളരെ ലളിതമായ ചടങ്ങുകളോടുകൂടി നടന്നു . റിപ്പബ്ലിക് ദിനാഘോഷം കാണാൻ ഇത്തവണ പൊതുജനങ്ങൾക്ക് അവസരമുണ്ടായില്ല . പരമാവധി 100 പേർക്ക് മാത്രമാണ് പങ്കെടുക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത് . എന്നാൽ അതിലും കുറച്ചു ആൾക്കാർ മാത്രമേ പരിപാടികളിൽ സംബന്ധിച്ചുള്ളു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു പരിപാടികൾ നടന്നത് . രാവിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പതാക ഉയർത്തി.

പേരിനു മാത്രമായി നടന്ന ലളിതമായ ചടങ്ങിൽ മാർച്ച് പാസ്റ്റ് ഒഴിവാക്കി. സ്റ്റുഡന്റ്സ് പൊലീസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, എൻസിസി ജൂനിയർ ഡിവിഷൻ എന്നിവയുടെ പ്ലറ്റൂണുകൾ ഉണ്ടായില്ല . വിദ്യാർഥികളുടെ ദേശഭക്തിഗാനം, കലാപരിപാടികൾ എന്നിവയും ഒഴിവാക്കി.

അതിർത്തി കാക്കുന്ന ജവാന്മാർ രാജ്യത്തിനുവേണ്ടി സഹിക്കുന്ന ത്യാഗം വളരെ വലുതാണെന്നും , അവരോടുള്ള കടപ്പാട് എത്ര രേഖപ്പെടുത്തിയാലും മതിയാവില്ലെന്നും മന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.

രാജ്യതലസ്ഥാനത്ത് സമര മുഖത്തുള്ള കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണ്ടതുണ്ടെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഉത്തരേന്ത്യയിലെ കാർഷിക മേഖലയിൽ ഉണ്ടാകുന്ന ചെറുചലനങ്ങൾ പോലും. രാജ്യത്തെ ആകമാനം ബാധിക്കുന്നതാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയുള്ള ഇടപെടലാണ് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം അഭിമാനിക്കത്തക്ക നേട്ടം കൈവരിച്ചു വെന്ന് മന്ത്രി സന്ദേശത്തിൽ പറഞ്ഞു. കോവിഡിനെതിരെ പോരാട്ടം തുടരണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പോലീസിൻ്റെ മൂന്ന് പ്ലാറ്റൂണുകളും. വനം വകുപ്പിൻ്റെയും ഓരോ ഫ്ലാറ്റൂണുകളും മാത്രമാണ് ഉണ്ടായിരുന്നത്.
